പാലക്കാട്: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കെതിരേ നടക്കുന്ന അക്രമങ്ങളിൽ പ്രതികരണവുമായി വി.ടി.ബൽറാം എംഎൽഎ. മോബ് വയലൻസിന്റെ ഏത് വകഭേദവും ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും ത്രിപുരയിലെ അക്രമങ്ങളുടെ പേരിൽ കേരളത്തിൽ വർഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്നു സർക്കാരും പോലീസും പരിശോധിക്കണമെന്നും ബൽറാം പറഞ്ഞു. ഇവിടെ ഗോപാലസേന, അവിടെ ഗോൾവാൾക്കർസേന എന്ന ഹാഷ്ടാഗിലാണ് ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കെതിരെയും കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകൾക്കെതിരെയും ആർഎസ്എസിന്റെയും ജനക്കൂട്ടത്തിന്റെയും ആക്രമണങ്ങൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകളിൽ കാണുന്നു. മോബ് വയലൻസിന്റെ ഏത് വകഭേദവും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. ക്രമസമാധാനപാലനം ഉറപ്പുവരുത്താൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്.
എന്നാൽ അവിടെ മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം ന്യൂസ് പോർട്ടലുകളിലെ വാർത്തകളും പോരാളി ഷാജി, അശോകൻ ചരുവിൽ തുടങ്ങിയ സൈബർ സഖാക്കളുടെ ഫേസ്ബുക് പോസ്റ്റുകളുമല്ലാതെ ആധികാരികമായ വാർത്തകളില്ല. ത്രിപുരയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റർ/ടിവി പ്രതികരണങ്ങളിലും ഇക്കാര്യം സൂചിപ്പിച്ചു കാണുന്നില്ല.
ഇതിന്റെ പേരിൽ കേരളത്തിൽ വർഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നു സർക്കാരും പോലീസിലെ സൈബർ ക്രൈം വിഭാഗവും പരിശോധിക്കണം. ഇവിടത്തെ സമുദായിക സൗഹാർദാന്തരീക്ഷം തകർക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണമെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.