സ്വന്തംലേഖകന്‍
നാദാപുരം: ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന ചിട്ടി സ്ഥാപനം പൊട്ടി . കേരളം, ചെന്നൈ, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ത്രിപുര ഫൈനാന്സിയേഴ്സാണ് തകര്‍ന്നത്. ഇതോടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍ പരം രൂപയാണ് .
ചെന്നൈ സ്വദേശികളായ കൃഷ്ണ പ്രസാദ്,ഭാര്യ സുമന്ന എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ വേണു,രവീന്ദ്രന്,ശശി എന്നീ സഹോദരന്മാരാണ് സ്ഥാപനത്തിന്റെ മറ്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചിരുന്നത്.
മാനേജിഗ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെല്ലാം ഒളിവിലാണെന്ന് പോലീസ് പറയുന്നു. സംസ്ഥാനത്ത് 27 ഇടങ്ങളില്‍ ബ്രാഞ്ചുകളായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളെല്ലാം പൂട്ടിയതോടെ ആയിരക്കണക്കിന് നിക്ഷേപകര്‍ പെരുവഴിയിലായി.
മാനേജിംഗ് ഡയറകടര്മാരെ കര്‍ണ്ണാടകയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും ഒളിവില്‍ പോയത്രേ. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി, വടകര, ബാലുശ്ശേരി, പേരാമ്പ്ര, കുന്ദമംഗലം, നാദാപുരം എന്നിവിടങ്ങളിലായി ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു. സ്ഥാപനം പൂട്ടിയതോടെ നിക്ഷേപകര്‍ പരാതി നല്‍കാനൊരുങ്ങി.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കേരളത്തിലെ ശാഖകളുടെ ആറ് മാനേജര്‍മാര്‍ ചേര്‍ന്ന് സ്ഥാപനം നടത്തി കൊണ്ട് പോകാന്‍ ശ്രമം നടത്തിയെങ്കിലും നിയമപരമായ കുരുക്കുകളെ തുടര്‍ന്നും, വ്യജ രേഖകളായതിനാലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ചിട്ടി കൂടാതെ ഫിക്സഡ് ഡെപ്പോസിറ്റും സ്ഥാപനം നടത്തിയിരുന്നു. നിക്ഷേപകരുടെ കുറി വിളിച്ച തുക 18 ശതമാനത്തോളം പലിശയ്ക്ക് നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു.
പലരുടെയും ചിട്ടിയും ,നിക്ഷേപ തുകയും നഷ്ടമായ നിലയിലാണ്.സ്ഥാപനം പൂട്ടിയതോടെ ചിലര്‍ ആദ്യ ഘട്ടത്തില്‍ തന്നെ പരാതി നല്കാന് ശ്രമിച്ചെങ്കിലും ഡയറക്ടര്‍മാര്‍ ഇടപെട്ട് കേസില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. നാദാപുരം കല്ലാച്ചി റോഡില്‍ കസ്തൂരികുളത്ത് പെട്രോള്‍ പമ്പിന് സമീപമാണ് ചിട്ടി യുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.മൂന്ന് മാസത്തോളമായി സ്ഥാപനം പൂട്ടി കിടക്കുകയാണ്.
വിവിധ ബാങ്കുകളുടെ ചെക്കുകള്‍ നിക്ഷേപകര്‍ക്കായി സ്ഥാപനത്തിന്റെ പേരില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നിലും പണം ഇല്ലായിരുന്നു. നാല്പതിലധികം പരാതികളാണ് നാദാപുരം സ്റ്റേഷനില്‍ മാത്രം ഇതിനോടകം ലഭിച്ചിട്ടുള്ളത്. പരാതികള്‍ ഓരോന്നായി അന്വേഷിക്കുകയാണെന്നും കേസെടുത്ത് വരികയാണെന്നും പോലീസ് പറഞ്ഞു.