അഗര്ത്തല: ത്രിപുരയിൽ ഭരണത്തിൽ തിരിച്ചുവരാൻ പതിനെട്ടടവും പയറ്റുന്ന സിപിഎം, കോണ്ഗ്രസിനൊപ്പം ചേർന്നു സംയുക്തറാലി നടത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ അഗര്ത്തലയിൽ നടത്തുന്ന റാലിയില് പാര്ട്ടി പതാകകള്ക്ക് പകരം ദേശീയ പതാകയായിരിക്കും ഉപയോഗിക്കുക.
ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണമെന്ന ആവശ്യമാണ് റാലിയിൽ ഉയർത്തുന്നത്.സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില് പരസ്പരധാരണയോടെ മത്സരിക്കാനാണ് ഇരു പാര്ട്ടികളുടെയും തീരുമാനം.
സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചർച്ച പൂർത്തിയായി. ത്രിപുരയിലെ പ്രധാന കക്ഷികളിലൊന്നായ തിപ്ര മോത പാര്ട്ടി സിപിഎം-കോണ്ഗ്രസ് സഖ്യത്തിനൊപ്പം സഹകരിക്കുമോ എന്നതില് അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപിയെ തോല്പ്പിക്കാന് സിപിഎം-കോണ്ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് തിപ്ര മോത പാര്ട്ടി സൂചന നല്കിയിട്ടുണ്ട്.
ഇതിനിടെ ത്രിപുരയില് തെരഞ്ഞെുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംഘർഷം ഉണ്ടായത് വോട്ടിംഗിനെ ബാധിക്കുമോയെന്ന ആശങ്ക പാര്ട്ടികള് പങ്കുവയ്ക്കുന്നുണ്ട്.
ഫെബ്രുവരി 16നാണ് നിയമസഭാ വോട്ടെടുപ്പ്. കഴിഞ്ഞെ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത ഭരണം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. നിലവിൽ കേരളത്തിൽ മാത്രമാണ് സിപിഎം ഭരണത്തിലുള്ളത്.