നടൻ മന്‍സൂര്‍ അലിഖാന്റെ പ്രസ്താവനയ്ക്കെതിരേ നിശിതവിമർശനവുമായി നടി തൃഷ കൃഷ്ണൻ. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ഈ നടൻ മനുഷ്യരാശിക്കുതന്നെ അപമാനമാണെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്നൊരു വാർത്താസമ്മേളനത്തിൽ സിനിമയിൽ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്നതുപോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും മൻസൂർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതികരണം.
“മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിനെ ശക്തമായി അപലപിക്കുകയാണ്. ലൈംഗിക അനാദരവും സ്ത്രീവിരുദ്ധതയും മോശം അഭിരുചിയുമു ള്ള ഒരാളുടെ പ്രസ്താവനയാണത്.
ഇയാൾക്കൊപ്പം ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെപ്പോലുള്ളവർ മനുഷ്യരാശിക്കുതന്നെ അപമാനമാണ്”- തൃഷ കുറിച്ചു.
സ്ത്രീവിരുദ്ധപരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ വ്യക്തമാക്കിയിരുന്നു. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ല.
ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ചചെയ്തിട്ടുണ്ട്. ഉടൻ നടപടിസ്വീകരിക്കുമെന്നും ഖുശ്ബു വ്യക്തമാക്കി.
നടിമാരെയും ബലാത്സംഗരംഗങ്ങളെയും ബന്ധപ്പെടുത്തി മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിനെതിരേ ചലച്ചിത്രലോകത്തെ പ്രമുഖർ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.
വിജയ്യും തൃഷയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ലിയോ എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിൽ തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്തുപറഞ്ഞായിരുന്നു മൻസൂർ അലി ഖാന്റെ വിവാദപരാമർശം.