ലിംഗപരമായ വ്യത്യാസം ലോകത്തെല്ലായിടത്തുമുണ്ട്! എങ്കിലും സിനിമാ മേഖലയില്‍ നിന്ന് എനിക്ക് ഒരിക്കലും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല; കേരളത്തില്‍ സ്ത്രീപക്ഷ ചര്‍ച്ചകള്‍ കത്തി നില്‍ക്കുന്ന സമയത്ത് നടി തൃഷ പറയുന്നതിങ്ങനെ

തെന്നിന്ത്യന്‍ താരസുന്ദരികളില്‍ കഥാപാത്രങ്ങളിലെ വ്യത്യസ്തതകൊണ്ടും നിലപാടു കൊണ്ടും ആരാധകര്‍ ഏറേയുള്ള നടിയാണ് തൃഷ. വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന 96 ന്റെ ടീസര്‍ രണ്ടു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.

ഹൊറര്‍ ചിത്രമായ മോഹിനിയാണ് ഇനി തൃഷയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സിനിമമേഖലയിലെ ലിംഗ വ്യത്യാസത്തെ കുറിച്ച് താരം വാചാലയായിരുന്നു. തൃഷയുടെ ഈ അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

സിനിമ മേഖല ഉള്‍പ്പെടുന്ന തൊഴില്‍മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചാണ് തൃഷ തന്റെ നിലപാട് വ്യക്തമാക്കിയത്. ലിംഗപരമായ വ്യത്യാസം ലോകത്ത് എല്ലായിടത്തും ഉണ്ടല്ലോ. ഞാനൊരു ഫെമിനിസ്റ്റല്ല. എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കണമെന്നതില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍- എന്നാണ് തൃഷ പറഞ്ഞത്.

അതുപോലെ ഇത്രയും കാലത്തിനിടയില്‍ സിനിമാ മേഖലയില്‍ നിന്ന് എനിക്ക് ഒരിക്കലും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഒരു സുരക്ഷിതമായ വളരെ ആയാസരഹിതമായ യാത്രയാണ് സിനിമാ മേഖലയില്‍ നിന്നും തനിക്കുണ്ടായത് എന്നുമാണ് തൃഷ പറഞ്ഞത്.

ത്രിഷയുടെ ഈ കമന്റിനെതിരെ നിരവധി ചര്‍ച്ചകളാണ് ഉയര്‍ന്നുവരുന്നത്. നിലവില്‍ യൂണിസെഫിന്റെ ചൈല്‍ഡ് റൈറ്റ്സ് പ്രചരണ പരിപാടിയുടെ സെലിബ്രിറ്റി പ്രതിനിധി കൂടിയാണ് തൃഷ. അത്തരമൊരു വ്യക്തിയില്‍ നിന്ന് ഇങ്ങനെയൊരു നിലപാട് പ്രതീക്ഷിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ സ്ത്രീപക്ഷവാദികള്‍ പറയുന്നത്.

അതേസമയം ചെന്നൈയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ തൃഷ തന്റെ നിലപാട് വ്യക്തമാക്കി. തന്റെ കുട്ടിക്കാലത്ത് എല്ലാവരും പറയുമായിരുന്നു ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ് ഇന്ത്യയെന്ന്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ആ ധാരണ പാടെ തെറ്റാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു.

കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൃത്യമായ വിദ്യാഭ്യാസം നല്‍കുകയും രാജ്യത്തെ നിയമവ്യവസ്ഥ കര്‍ശനമാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മാറ്റം വരികയുള്ളുവെന്നും തൃഷ പറയുന്നു.

Related posts