അജിത്ത് കുമാര്‍ നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. തൃഷയാണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ തൃഷ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന പേര് സ്റ്റോറിയില്‍ പറയുന്നില്ലെങ്കിലും ചിത്രത്തിലെ വേഷത്തെക്കുറിച്ച് തൃഷ നേരിട്ട വിമര്‍ശനങ്ങള്‍ക്കുളള മറുപടിയായാണ് ആരാധകര്‍ ഈ കുറിപ്പിനെ കാണുന്നത്.
ടോക്സിക് മനുഷ്യരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങള്‍ എങ്ങിനെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അല്ലെങ്കില്‍, എങ്ങിനെയാണ് സമാധാനത്തോടെ ഉറങ്ങുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇരുന്നുകൊണ്ട് മറ്റുള്ളവരെക്കുറിച്ച് അര്‍ഥശൂന്യമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നുണ്ടോ. നിങ്ങളേയും നിങ്ങള്‍ക്കൊപ്പം താമസിക്കുന്നവരെയും ചുറ്റിപ്പറ്റിയുള്ളവരെയും ഓര്‍ത്ത് വിഷമമുണ്ട്. ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് നിങ്ങള്‍. ദൈവം അനുഗ്രഹിക്കട്ടെ- തൃഷ കുറിച്ചു.
ഏപ്രില്‍ പത്തിന് തിയേറ്ററുകളിലേക്ക് എത്തിയ സിനിമ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷക പ്രശംസ നേടി. എന്നാല്‍ തൃഷയുടെ പ്രകടനത്തിന് വ്യാപക വിമര്‍ശനമാണ് ലഭിക്കുന്നത്. ഈ ചിത്രത്തില്‍ തൃഷ അഭിനയിക്കാനെ പാടില്ലായിരുന്നു എന്നാണ് പൊതുവായി ഉയരുന്ന ആക്ഷേപം. നടിയെ ഒരു ഡമ്മി പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും താരമൂല്യമുള്ള നടിയായിട്ട് പോലും അവര്‍ക്ക് ചേരുന്നൊരു കഥാപാത്രമേ ആയിരുന്നില്ല.
മാത്രമല്ല സിനിമയില്‍ രണ്ട് രംഗങ്ങളില്‍ മാത്രം വന്ന് അഭിനയിച്ചിട്ട് പോയ സിമ്രാന്റെ കഥാപാത്രം പോലും ഇതിനെക്കാളും ഗംഭീരമായിരുന്നു. തിയറ്ററില്‍ ആരാധകര്‍ക്കിടയില്‍ തരംഗമുണ്ടാക്കാനും സിമ്രാനു സാധിച്ചു. ഒപ്പം നടി പ്രിയ പ്രകാശ് വാര്യരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇത്തരത്തില്‍ മറ്റ് നടിമാര്‍ പ്രശംസിക്കപ്പെടുകയും തൃഷ വിമര്‍ശിക്കപ്പെടുകയും ചെയ്തതാവാം ഇത്തരമൊരു പോസ്റ്റുമായി നടി വരാന്‍ കാരണമെന്നാണ് കരുതുന്നത്. ഈ ചിത്രത്തിനായി ആറ് മുതല്‍ ഏഴ് കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകൾ.