തൃശൂർ: കോവിഡിനെ എല്ലാവരും ഭയക്കുന്പോൾ കോവിഡിനെ ആയുധമാക്കുന്നവരുമുണ്ട് ഇവിടെ.
ആർക്കെങ്കിലും പണി കൊടുക്കണമെങ്കിൽ ഇപ്പോൾ കോവിഡിനെ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നില്ലേ എന്നൊരു സംശയം.
ഇന്നലെ പാതിരാത്രി മണ്ണുത്തിക്കടുത്ത് കോവിഡിന്റെ പേരിലുണ്ടായ പുകില് ചില്ലറയായിരുന്നില്ല. ആ കഥയിങ്ങനെ…
മലപ്പുറം ഭാഗത്തുള്ള ഗൾഫുകാരൻ വിദേശത്തു നിന്നെത്തി മണ്ണുത്തി ഭാഗത്തുള്ള ഭാര്യവീട്ടിലേക്ക് വരുന്നതോടെയാണ് കഥയുടെ തുടക്കം.
ഭാര്യയുമായി ചെറിയ അകൽച്ചയിൽ കഴിയുന്ന ഗൾഫുകാരൻ മക്കളെ കാണാനാണത്രെ തൃശൂരിലെത്തിയത്. മണ്ണുത്തി ഭാഗത്തെ വീട്ടിലെത്തിയപ്പോൾ ഭാര്യ ഉടക്ക് ലൈനിൽ തന്നെ.
മക്കളെ കാണിച്ചു കൊടുക്കാൻ താത്പര്യമില്ല. നിങ്ങൾക്ക് കോവിഡ് ഉണ്ടെന്ന് ഭാര്യയുടെ ഡയലോഗ്. അതോടെ സംഗതി വൈറലായി. നാട്ടുകാർ ഗൾഫുകാരനെ പൊക്കി നേരെ പോലീസ് സ്റ്റേഷനിലെത്തിച്ചു.
തനിക്ക് കോവിഡും കൊറോണയും എലിപ്പനിയുമൊന്നുമില്ലെന്ന് ഗൾഫുകാരൻ പറഞ്ഞു. അപ്പോഴേക്കും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചിരുന്നു.
കോവിഡില്ലാത്തയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചതോടെ പോലീസുകാരും ഏറ്റുപിടിച്ച നാട്ടുകാരും കുടുങ്ങി.
കക്ഷിക്ക് കോവിഡൊന്നുമില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും അവസാനം ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ കയറ്റി മലപ്പുറത്തേക്ക് കൊണ്ടുചെന്നാക്കി.
പിൻകുറിപ്പ് ഈ കഥയിൽ ഗുണപാഠമില്ലെങ്കിലും ദോഷപാഠമുണ്ട്. ദയവു ചെയ്ത് കോവിഡ് എന്ന മഹാമാരിയെ ഉപയോഗിച്ച് ഇതുപോലുള്ള അതിക്രമങ്ങൾ ചെയ്യരുത്….