ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: പച്ചപ്പ് കയറിയ മലമുകളിലെ കുടിലിനരികിൽ മക്കളെ ചേർത്തിരുത്തി പഠിച്ചതെല്ലാം വീണ്ടും വീണ്ടും ഓർത്തെടുക്കുകയാണ് വസന്ത.ലോക് ഡൗണിൽ പരീക്ഷകൾ നീളുന്നതിനാൽ ഓരോന്നും പലകുറി മനസിലുറപ്പിച്ചാണ് പഠനം.
പി എസ് സി പരീക്ഷ എഴുതി എന്തെങ്കിലും ജോലി തരപ്പെടുത്തണം. ജോലിക്കാരിയാണെന്ന് ഗമ കാണിക്കാനൊന്നുമല്ല.
തങ്ങളുടെ ഗോത്ര സമൂഹം അനുഭവിച്ചുകൂട്ടുന്ന പ്രാരാപ്തങ്ങൾക്കും അവഗണനകൾക്കും തന്നാലാകുന്ന വിധമുള്ള പരിഹാരം കാണണം. അതിനുള്ള തീവ്രമായ പരിശ്രമത്തിലാണ് 32 കാരിയായ ഈ മലയത്തി പെണ്ണ്.
കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ ഉൗരുമൂപ്പൻ വാസുവിന്റെ മകളാണ് വസന്ത. പ്ലസ്ടു കഴിഞ്ഞ് ഡ്രാഫ്റ്റ്സ്മാൻ സിവിൽ എൻജിനിയറിംഗ് കഴിഞ്ഞിട്ടുള്ള വസന്തക്ക് ഇനിയും ഒരു ജോലി ലഭിച്ചിട്ടില്ല.
പോലീസുക്കാരിയാകണമെന്നതായിരുന്നു ആഗ്രഹം. എന്നാൽ കാലം കടന്ന് പോയപ്പോൾ ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
ഭാര്യയായി അമ്മയായി അങ്ങനെ ജീവിതയാത്ര മുന്നോട്ട് പോകുന്പോഴും സർക്കാർ ജോലിയെന്ന ലക്ഷ്യത്തിൽ നിന്നും പുറകോട്ട് പോകാൻ വസന്ത തയാറല്ല.സംവരണവും സംരക്ഷണവുമെല്ലാം പറച്ചിലുകളിലെ ഉള്ളു.
കാര്യത്തോടടുക്കുന്പോൾ രാഷ്ട്രിയം വരെ കയറി വരും. അച്ഛന്റെയും അമ്മ ചിന്നയുടെയുമൊപ്പം മലയിൽ പണിക്ക് പോകുന്പോഴും പി എസ് സി പരീക്ഷകൾക്ക് ഒരുങ്ങുന്നതിനുള്ള പുസ്തകം വസന്ത കരുതും. നാലാം ക്ലാസിൽ പഠിക്കുന്ന മകൾ ദേവനന്ദയും മകൻ യു കെ ജിക്കാരൻ ദിൽജിത്തും അമ്മക്കൊപ്പമുണ്ടാകും.
മിടുക്കി കുട്ടിയാണ് മകൾ ദേവനന്ദ. കൂടപിറപ്പു പോലെ പിന്തുടരുന്ന ഇല്ലായ്മകളെ ഭേതിച്ച് മുന്നേറാനുള്ള കരുത്ത് അമ്മക്ക് നൽകുന്നതും ദേവനന്ദയാണ്.
വനം വകുപ്പ് കടപ്പാറ സ്കുളിൽ നടത്തുന്ന പി എസ് സി കോച്ചിംഗ് ക്ലാസിലെ ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ള സ്റ്റുഡന്റാണ് വസന്ത.കോവിഡ് ലോക്ഡൗണിൽ ഇപ്പോൾ ക്ലാസുകൾ നടക്കുന്നില്ല.
കൃഷിഭൂമിക്കും വീടിനുമായി കോളനിക്കാർ മൂർത്തിക്കുന്നിൽ ഭൂസമരം ആരംഭിച്ചതോടെയാണ് പുറം ലോകത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതെന്ന് വസന്ത പറയുന്നു.
ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കുമായി ഏത് ഓഫീസുകളിലും തന്റെടത്തോടെ കയറി ചെന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള പ്രാപ്തി ഇപ്പോൾ ഉണ്ട്.
മുന്പ് ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് വാ തുറക്കാതെ തിരിച്ചു പോന്നിരുന്ന കാലമുണ്ടായിരുന്നു. അതിലെല്ലാം വലിയ മാറ്റം വന്നു.അർഹമായതെല്ലാം പക്വതയോടെ ചോദിച്ച് വാങ്ങാൻ കഴിയുന്നുണ്ടെന്ന് വസന്ത പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഭൂമിക്കായുള്ള സമരത്തിലാണ് വസന്തയുടെ കോളനിക്കാർ.
കോളനിക്കടുത്തെ വനഭൂമി കയേറി കുടിൽ കെട്ടിയാണ് സമരം തുടരുന്നത്.ഈ ഭൂമിയിലാണ് ഇവർ വിവിധ കൃഷിയിറക്കി ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്.പലപ്പോഴും സമരപന്തൽ തന്നെയാണ് വസന്തയുടെ പഠന കേന്ദ്രവും.