തൃപ്പൂണിത്തുറ: ബംഗാളികൾ തൃപ്പൂണിത്തുറയിൽ താത്കാലിക ക്ഷേത്രം നിർമിച്ച് ദുർഗാപൂജക്കൊരുങ്ങി. ഇതരസംസ്ഥാനക്കാരായ ബംഗാളി കുടുംബങ്ങളും തൊഴിലാളികളും ഒത്തുചേർന്ന് സീതാറാം കലാമന്ദിർ അങ്കണത്തിൽ ദുർഗാപൂജ നടത്തുന്നതിനായി താത്കാലിക ക്ഷേത്രമൊരുക്കിയത് കാണികൾക്ക് കൗതുകക്കാഴ്ചയായി.
ക്ഷേത്രം പണികളിൽ വിദഗ്ധരായ ബംഗാളിൽനിന്നുള്ള 15 തൊഴിലാളികളെ പ്രത്യേകം വരുത്തിയാണ് ക്ഷേത്രംപണി പൂർത്തിയാക്കിയത്. പട്ടുതുണിയും സ്പോഞ്ചും മറ്റും ഉപയോഗിച്ച് ബഹുനിലകളിൽ നിർമിച്ച ക്ഷേത്രത്തിന് 50 അടിയിലേറെ ഉയരമുണ്ട്. അഞ്ചു ദിവസമെടുത്ത് പൂർത്തിയാക്കിയ ക്ഷേത്രത്തിന് 15 ലക്ഷത്തോളമാണ് ചെലവ്.
ക്ഷേത്രത്തിനകത്ത് പൂജയ്ക്കായി സിൽവർ പേപ്പറുകളും മറ്റും ഉപയോഗിച്ചു ദുർഗാവിഗ്രഹവും ഒരുക്കിയിട്ടുണ്ട്. ബംഗാളികളുടെ പ്രത്യേകവാദ്യഘോഷങ്ങളോടെ തിങ്കളാഴ്ച രാവിലെ കളഭപൂജ നടത്തി. ദുർഗാപൂജയും പ്രത്യേക ചടങ്ങുകളും കലാപരിപാടികളും ഇന്നു തുടങ്ങും. 19ന് ആഘോഷങ്ങൾ സമാപിക്കും. ബംഗാളികളുടെ ആഘോഷങ്ങൾ കാണുന്നതിന് നാട്ടുകാരും ഒപ്പമുണ്ട്.