ചാലക്കുടി: കുടുംബശ്രീ അംഗമായ വീട്ടമ്മയെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു പത്രസമ്മേളനത്തിൽ ആരോപിച്ചു.
വീട്ടമ്മ അംഗമായ തുണിസഞ്ചി നിർമാണ യൂണിറ്റിൽ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യൂണിറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരമാണ് പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
യൂണിറ്റിലെ നാലു പേർ പങ്കെടുത്ത അനുരഞ്ജന യോഗത്തിൽ വീട്ടമ്മയുടെ പൂർണ സമ്മതത്തോടെയാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിഡിഎസ് ചെയർപേഴ്സണ് ഉദ്യോഗസ്ഥർ അടക്കം 11 പേർ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കുന്ന വീട്ടമ്മക്ക് അവർ വായ്പ എടുത്ത തുകയ്ക്ക് സബ്സിഡിയോടെ തിരിച്ചുവരാനുള്ള സൗകര്യവും തീർപ്പാക്കിയിരുന്നു.
ഈ തീരുമാനങ്ങളിൽ വീട്ടുകാർക്ക് അതൃപ്തിയുണ്ടെങ്കിൽ പിന്നീട് ചർച്ച ചെയ്യാമെന്നും ധാരണ ഉണ്ടാക്കിയിരുന്നു. തീരുമാനങ്ങൾ സമ്മതിച്ചുപോയ വീട്ടമ്മ പിന്നീട് കത്തെഴുതിവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന ഭർത്താവിന്റെ പരാതി ഗൂഡാലോചനയാണെന്ന് പി.പി.ബാബു പറഞ്ഞു. ഇതിനു പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ താല്പര്യമാണെന്നും പ്രസിഡന്റ് പറയുന്നു.
പ്രസിഡന്റ് പി.പി.ബാബു ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നും മറ്റും ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വീട്ടമ്മയുടെ ഭർത്താവ് പോലീസിൽ നൽകിയ പരാതി പോലീസ് കോടതിയിൽ സമർപ്പിക്കുകയും പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദേശം നൽകിയിരിക്കയാണ്. ഇതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റിനും മറ്റു രണ്ടുപേർക്കുമെതിരെ കൊരട്ടി പോലീസ് കേസെടുത്തിരിക്കയാണ്.
വൈസ് പ്രസിഡന്റ് എം.എസ്.സുനിത, സിഡിഎസ് ചെയർപേഴ്സണ് ഇന്ദിര മോഹൻ, പഞ്ചായത്ത് അംഗങ്ങളായ എം.എസ്.ബിജു, സി.കെ.വിജയൻ, സതി രാജീവ്, ലതിക ഉണ്ണികൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.