തൃശൂര്‍ ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം എന്ന കോടിശ്വരന്‍ ഇപ്പോള്‍ ജയിലിലാണ്. ജീവപര്യന്തം തടവുശിക്ഷ ലഭിച്ച നിഷാമിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ജന്മനാട്ടില്‍ ഒരു മീറ്റിംഗ് നടന്നിരുന്നു. നിഷാമിന്റെ സ്‌നേഹിതരും നാട്ടുകാരുമാണ് യോഗം ചേര്‍ന്ന് തങ്ങളുടെ നാട്ടുകാരനോടുള്ള കൂറ് വെളിപ്പെടുത്തിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത്തരമൊരു യോഗത്തിനു പിന്നില്‍ നാട്ടുകാര്‍ക്ക് പങ്കില്ലെന്ന് ചിലര്‍ രാഷ്ട്രദീപികഡോട്ട്‌കോമിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ ചിത്രം വ്യക്തമായത്.
നിഷാമിന് ഐക്യദാര്‍ഡ്യം അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിന്റെ ഏകോപന ചുമതല വഹിച്ചത് കൊച്ചിയിലെ ഒരു പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയായിരുന്നു. ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് ഇവര്‍ നിഷാം കൂട്ടായ്മയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തിയതെന്നാണ് രാഷ്ട്രദീപിക അന്വേഷണത്തില്‍ വ്യക്തമായത്. നിഷാമിന്റെ നാട്ടുകാര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകള്‍ക്ക് കൂലിക്ക് പോകുന്നവരെയാണ് യോഗത്തിനായി എത്തിച്ചത്. ആയിരം രൂപ കൂലിക്കാണ് ഇവരെ മീറ്റിംഗ് നടന്ന അന്തിക്കാട്ടെ മുറ്റിച്ചൂര്‍ മന്‍ഹല്‍ പാലസ് ഓഡിറ്റോറിയത്തിലെത്തിച്ചത്. നിഷാമിന്റെ ചില ബന്ധുക്കളും കമ്പനിയിലെ നാമമാത്ര ജീവനക്കാരും യോഗത്തിനെത്തിയിരുന്നു. ഇത്തരത്തിലൊരു യോഗം നടക്കുന്നുവെന്ന് വിവരമറിഞ്ഞ് ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
109 പേരാണ് മൊത്തം യോഗത്തിനെത്തിയതെന്നാണ് സൂചന. ഇവര്‍ക്കായി ലക്ഷങ്ങളാണ് നിഷാമിന്റെ ബന്ധുക്കള്‍ മുടക്കിയത്. നിഷാമിനായി വാര്‍ത്ത നല്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ സമീപിച്ചെങ്കിലും പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പലരും വിസമ്മതിച്ചു. ചില പ്രാദേശിക ചാനലുകള്‍ പരിപാടി കവര്‍ ചെയ്യാനെത്തിയെങ്കിലും വാര്‍ത്ത നല്കിയതാകട്ടെ നിഷാമിന് എതിരായിട്ടാണുതാനും. നിഷാം പരോപകാരിയാണെന്നും നിരപരാധിയാണെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രിയെ കണ്ട് നിഷാമിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാനുള്ള തീരുമാനത്തിലേക്കെത്തുകയും ചെയ്തു.
ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം അധിക തടവും ശിക്ഷ വിധിച്ചു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 80 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നല്കണം. 2015 ജനുവരി 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് പുലര്‍ച്ചെയായിരുന്നു ശോഭാസിറ്റിയിലേക്ക് ഇരച്ചെത്തിയ മുഹമ്മദ് നിഷാമിന്റെ ഹമ്മര്‍ കാര്‍ ചന്ദ്രബോസിന്റെ ശരീരത്തിലേക്ക് പാഞ്ഞ് കയറിയത്. അരിശം അവസാനിക്കാതെ നിഷാം ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചു. നുറുങ്ങിയ ശരീരത്തിലെ ശേഷിക്കുന്ന ജീവന്റെ തുടിപ്പ് ഫെബ്രുവരി 16ന് നിലച്ചു. സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത സമാനതകളില്ലാത്ത ക്രൂരകൃത്യമായിരുന്നു ചന്ദ്രബോസിന്റെ വധം.