തൃശൂര്‍: ആനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ജോണി ആണ് പിടിയിലായത്.
14 പേര് ഉള്‍പ്പെട്ട കേസില്‍ ഇതുവരെ അഞ്ച് പേരെയാണ് പിടികൂടിയത്. കഴിഞ്ഞ 14നാണ് പന്നിക്ക് വച്ച വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞത്. ആരും അറിയാതെ ആനയെ കുഴിച്ചിടാന്‍ സ്ഥലമുടമയായ റോയ് പാലായില്‍നിന്ന് ഒരു സംഘത്തെ വിളിച്ച് വരുത്തുകയായിരുന്നു.
ഈ സംഘത്തിലെ അംഗമാണ് ഇന്ന് അറസ്റ്റിലായ ജോണിയെന്ന് പോലീസ് പറഞ്ഞു. റോയിയാണ് കേസിലെ മുഖ്യപ്രതി. ഇയാളും സഹായിയായ ജോബിയും നേരത്തെ കീഴടങ്ങിയിരുന്നു.
ഇതിനിടെ റോയ് അറിയാതെ ആനക്കൊമ്പ് വെട്ടിക്കൊണ്ടുപോയ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടിമറ്റം സ്വദേശി അഖില്‍, വിനയന് എന്നിവരാണ് പിടിയിലായത്.