തൃശൂർ: ഓട്ടോറിക്ഷ ഡ്രൈവർമാർ ഒന്നര ദിവസം ഓട്ടം നിർത്തി സമരവുമായി ഇറങ്ങിയത് വെറുതെയായി. ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന പോലീസും കോർപറേഷനുമൊക്കെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതു മൂലം ഇനിയും ഹൈക്കോടതിയിൽ നിന്ന് പെർമിറ്റുകൾ നൽകുന്നത് തുടരുമെന്ന് ആർടിഒ വ്യക്തമാക്കി. കോർപറേഷൻ നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ നന്പറിട്ട് രജിസ്റ്റർ ചെയ്താൽ മാത്രമേ ഇവിടെ ആവശ്യത്തിലധികം ഓട്ടോറിക്ഷകളായതിനാൽ ഇനി പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ വാദിക്കാനാകൂ.
കൂടാതെ കോർപറേഷൻ അതിർത്തി നിർണയിച്ച് നോട്ടിഫിക്കേഷൻ നടത്തിയിട്ടില്ല. ഇതിനാൽ പെർമിറ്റ് നൽകുന്നതിന്റെ പരിധി നിർണയിക്കാൻ കഴിയാത്തതിനാൽ ഹൈക്കോടതി വഴി പെർമിറ്റി നൽകുന്നത് തടയാനാകാത്ത സാഹചര്യമാണ്. ഓട്ടോറിക്ഷ ഡ്രൈവർമാർ ഓട്ടം കളഞ്ഞ് പോലീസുമായും ആർടിഒയുമായും ഒരു ദിവസം മുഴുവൻ ചർച്ച നടത്തിയപ്പോഴാണ് സത്യാവസ്ഥ ബോധ്യമായത്. ഇതേ തുടർന്നാണ് സമരം അവസാനിപ്പിച്ച് ഓടാൻ തീരുമാനിച്ചത്.
കോർപറേഷൻ ഓട്ടോ സ്റ്റാൻഡുകളുടെ കാര്യത്തിൽ നടപടിയെടുത്താൽ മാത്രമേ ഹൈക്കോടതിയിൽ പെർമിറ്റ് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനാകൂ. ഹൈക്കോടതി പെർമിറ്റിനെതിരെ കോടതിയിൽ പോകണമെന്ന് ഒരു വിഭാഗം ഡ്രൈവർമാരും കോർപറേഷൻ കാര്യങ്ങൾ നടത്താത്തതിനാൽ കോടതിയിൽ പോയിട്ട് കാര്യമില്ലെന്ന ഒരു വിഭാഗം ഡ്രൈവർമാരും വാദിക്കുന്നു.
ഇപ്പോൾ നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ തന്നെ നിയന്ത്രിക്കുന്ന സ്റ്റാൻഡുകളാണുള്ളത്. അയ്യായിരത്തോളം ഓട്ടോറിക്ഷ പെർമിറ്റുകളാണ് കോർപറേഷനും പോലീസും ചേർന്ന് നൽകിയിട്ടുള്ളത്. എന്നാൽ ഇതിന്റെ നാലിലൊന്ന് ഓട്ടോറിക്ഷകൾക്ക് നഗരത്തിലെ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യാനാകില്ല. ഏറ്റവും കൂടുതൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ശക്തൻ സ്റ്റാൻഡിൽ മുപ്പത് ഓട്ടോറിക്ഷകൾക്കാണ് സൗകര്യമുള്ളത്.
സ്വരാജ് റൗണ്ടിലെ പല സ്റ്റാൻഡുകളിലും നാലും അഞ്ചും ഓട്ടോറിക്ഷകൾക്കേ നിർത്താൻ സാധിക്കൂ. കൂടുതൽ ഓട്ടോറിക്ഷകൾ നിർത്തിയിട്ടാൽ പോലീസ് നടപടിയെടുക്കും. ഹൈക്കോടതി വഴി ഇപ്പോൾ തന്നെ രണ്ടായിരത്തിലധികം പെർമിറ്റുകൾ നൽകിയിട്ടുണ്ടെന്ന് പറയുന്നു. ഇതോടെ ഓട്ടോറിക്ഷകളുടെ എണ്ണം ഏഴായിരത്തിലും അധികമാണ്. പെർമിറ്റ് കൊടുക്കുന്നത് തുടർന്നാണ് ഇത് പതിനായിരത്തിലെത്തും.
ഇതിനെല്ലാം പുറമേ കള്ളപെർമിറ്റുകളുമായും ഓട്ടോറിക്ഷകൾ ഓടുന്നുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. പോലീസ് ഇത്തരം കാര്യങ്ങളിൽ പരിശോധന കർശനമാക്കിയാൽ കള്ളപെർമിറ്റുമായി എത്തുന്ന ഓട്ടോറിക്ഷകളെ പുറത്തു കടത്താനാകും. സ്വയംതൊഴിലെന്ന നിലയിലും കൂടുതൽ വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിലുമാണ് ഓട്ടോറിക്ഷകൾ ആളുകൾ വാങ്ങുന്നത്. തൃശൂരിലെ ഒരു അഭിഭാഷകന്റെ ഗുമസ്തൻ വഴിയാണ് ഹൈക്കോടതി പെർമിറ്റുകൾ ശരിയാക്കി കൊടുക്കുന്നത് തുടരുന്നത്.