തൃശൂർ: സിപിഎമ്മിലെ അസംതൃപ്തരെ കണ്ണൂർ മേഖലയിൽ ബിജെപി നേതാക്കൾ നേരിട്ടു കണ്ട് പാർട്ടിയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പുതിയ നീക്കം ശക്തിപ്പെടുന്പോൾ തൃശൂരിലും അസംതൃപ്തരായ സിപിഎം പ്രവർത്തകരെയും നേതാക്കളെയും ബിജെപി തൃശൂർ നേതൃത്വം നേരിൽ കാണാൻ സാധ്യതയേറി.
കണ്ണൂരിൽ കയ്യൂർ, കരിവള്ളൂർ, തില്ലങ്കേരി, പാറപ്രം എന്നിവിടങ്ങളിലെ സിപിഎം പ്രവർത്തകരെയാണ് ബിജെപി നേതാക്കൾ നേരിട്ടു കണ്ടതായ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനു മുൻപ് തങ്ങളുടെ ശക്തി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കൾ നീക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻതോതിൽ വോട്ടുകൂടിയ പശ്ചാത്തലത്തിൽ തൃശൂരിൽ പാർട്ടി അവലംബിച്ച പ്രവർത്തനരീതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. അതിന്റെ ഭാഗമായാണ് സിപിഎമ്മിലെയും മറ്റു പാർട്ടികളിലേയും അസംതൃപ്തരെ കൂടെ നിർത്താനുള്ള ബിജെപിയുടെ നീക്കം.
വർഷങ്ങളായി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പാർട്ടിയെയും പ്രസ്ഥാനത്തെയും ആശയങ്ങളെയും ഉപേക്ഷിച്ച് ബിജെപിയിലേക്ക് ആളുകളെ കൊണ്ടുവരിക എളുപ്പമുള്ള ദൗത്യമല്ലെങ്കിലും ഇപ്പോൾത്തന്നെ പണികൾ തുടങ്ങിയിരിക്കുകയാണ് ബിജെപി.
കണ്ണൂരിലെന്ന പോലെ തൃശൂരിലും സിപിഎമ്മിൽ അസംതൃപ്തരുണ്ടെന്നാണ് ബിജെപി കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ്ഗോപിയുടെ വൻ ഭൂരിപക്ഷം നൽകുന്ന സൂചന അതാണെന്നും ആ വോട്ടുകൾ ഇനിയങ്ങോട്ടും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങി അവരെ കൂടെ നിർത്താനാണു ശ്രമം.
സംസ്ഥാനത്തൊട്ടാകെ ഇതര പാർട്ടികളിലെ അസംതൃപ്തരെ തങ്ങൾക്കൊപ്പം ചേർത്തുനിർത്താനുള്ള വലിയ മിഷനാണ് കണ്ണൂരിൽ ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്.