തൃശൂർ: കോണ്ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന പത്മജ വേണുഗോപാൽ തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പു പ്രചരണവുമായി ക്യാന്പു ചെയ്യുന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയർത്തി ബിജെപിക്കകത്ത് ഒരു വിഭാഗം.
കരുണാകരന്റെ തട്ടകമായ തൃശൂരിൽ പത്മജക്കെതിരെ ജനരോഷം ശക്തമാണെന്നും അതുകൊണ്ടുതന്നെ പത്മജ സുരേഷ്ഗോപിക്കു വേണ്ടി തൃശൂരിൽ പ്രചരണത്തിനിറങ്ങിയാൽ അത് സുരേഷ്ഗോപിക്ക് വോട്ടു കുറയുന്നതിന് കാരണമാകുമെന്ന് കരുതുന്നവർ ബിജെപിക്കുള്ളിലുണ്ട്.ഇത് നേതൃത്വത്തെ അവർ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
പത്മജ പ്രചരണത്തിനിറങ്ങിയാൽ സുരേഷ്ഗോപിക്ക് വോട്ടുകുറയുമെന്ന് കോണ്ഗ്രസ് നേതാക്കൾ തന്നെ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബിജെപിക്കാരും ഇതേ വാദം ഉന്നയിക്കുന്നത്. എന്നാൽ പത്മജ വേണുഗോപാലിന് തൃശൂരിൽ ഇപ്പോഴും പിടിപാടുണ്ടെന്നും അവർക്ക് സ്വാധീനമുള്ള കോണ്ഗ്രസ് ബെൽറ്റുകളിലെ വോട്ടുകൾ സുരേഷ്ഗോപിക്ക് അനുകൂലമാക്കി മാറ്റാൻ പത്മജയെ തൃശൂരിൽ പ്രചരണത്തിന് ഉപയോഗിക്കണമെന്ന വാദവും ബിജെപിക്കകത്തുണ്ട്.
മുരളീധരനോടും പത്മജയോടും അടുപ്പമുള്ള കോണ്ഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ സുരേഷ്ഗോപിക്ക് ഉറപ്പാക്കാൻ പത്മജയെ ഉപയോഗപ്പെടുത്തണമെന്ന തന്ത്രമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഇതാണ് വിമർശത്തിനും എതിർപ്പിനുമിടയാക്കിയിട്ടുള്ളത്.പാർട്ടി പറഞ്ഞാൽ തൃശൂരിൽ സുരേഷ്ഗോപിക്കു വേണ്ടി പ്രചരണത്തിനിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം പത്മജ തൃശൂർ പൂങ്കുന്നം മുരളീമന്ദിരത്തിലെത്തിയപ്പോൾ പറഞ്ഞിരുന്നത്.
സുരേഷ്ഗോപിയുടെ കുടുംബവുമായി വ്യക്തിപരമായി അടുത്തബന്ധമാണ് കരുണാകരന്റെ കുടുംബത്തിനുള്ളത്. അതുകൊണ്ടുതന്നെ തൃശൂരിൽ സുരേഷ്ഗോപിക്കു വേണ്ടി പ്രവർത്തിക്കാൻ പത്മജയ്ക്ക് താത്പര്യമുണ്ടെന്നാണ് അറിയുന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നു തന്നെ എതിർസ്വരം ഉയർന്നതിനാൽ പത്മജ വൈകാതെ തൃശൂർ വിട്ട് തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് സൂചന.
പത്മജ തൃശൂരിൽ പ്രചരണത്തിനിറങ്ങണമെന്നും അങ്ങിനെ പത്മജ ഇറങ്ങിയാൽ കോണ്ഗ്രസിന് നാലുവോട്ടു കൂടുതൽ കിട്ടുമെന്ന് പരസ്യമായി ബിജെപിയെ പരിഹസിച്ച കോണ്ഗ്രസ് നേതാക്കളുടെ വെല്ലുവിളി ഏറ്റെടുക്കാൻ നിൽക്കാതെ പത്മജ തൽക്കാലം തൃശൂരിൽ നിന്നും സ്ഥലം വിടാനാണ് ഒരുങ്ങുന്നത്.
സ്വന്തം ലേഖകൻ