തൃശൂർ: കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തൃപ്രയാറിൽനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ക്രൈസ്റ്റ് മോട്ടോഴ്സ് എന്ന ബസാണ് ഇന്നു രാവിലെ 8.25ഓടെ മറിഞ്ഞത്.
ബസിൽ അന്പതോളം പേരുണ്ടായിരുന്നു. നാൽപതോളം പേർക്ക് പരിക്കേറ്റു. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ ഒഴികെ ബാക്കി ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
സ്കൂൾ, കോളജ് വിദ്യാർഥികളായിരുന്നു ബസിൽ കൂടുതലായും ഉണ്ടായിരുന്നത്. കണിമംഗലത്ത് റോഡു പണിയും കോണ്ക്രീറ്റിംഗും നടന്നുകൊണ്ടിരുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.
ചെരിവുള്ള ഭാഗത്തേക്ക് ബസ് നീങ്ങിയതോടെയാണ് ബസ് മറിഞ്ഞത്. ബസ് മറിഞ്ഞതോടെ ബസിനുള്ളിൽ കൂട്ടനിലവിളിയായി. ഒന്നുകൂടി ബസ് മറിഞ്ഞിരുന്നെങ്കിൽ പാടത്തേക്ക് വീഴുമായിരുന്നു. അത് വലിയ ദുരന്തമാകുമായിരുന്നു.
അപകടം നടന്നയുടൻ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപകടമറിഞ്ഞ് മന്ത്രി കെ. രാജൻ, ജില്ല കളക്ടർ വി.ആർ. കൃഷ്ണേതജ, പോലീസ് കമ്മീഷണർ, തഹസീൽദാർ എന്നിവരും സ്ഥലത്തെത്തി.
ആശുപത്രിയിലും മന്ത്രി സന്ദർശനം നടത്തി. പരിക്കേറ്റവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും അപകടകാരണത്തെക്കുറിച്ചു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃപ്രയാറിൽനിന്നു തൃശൂരിലേക്ക് വരുന്ന വഴിയിൽ റോഡിന്റെ ഒരു വശത്തെ പണി പൂർത്തിയായിട്ടുണ്ട്. ഉയർന്നു നിൽക്കുന്ന വലതുവശത്തെ റോഡ് സൈഡിലേക്ക് ചെരിച്ച് കോണ്ക്രീറ്റ് ചെയ്തനിലയിലാണ്.
ഈ ചെരിവിലേക്ക് ബസ് കയറിയപ്പോഴാണ് മറിഞ്ഞതെന്ന് സംശയിക്കുന്നുണ്ട്. ബസിനകത്ത് ഇടതുവശത്തായിരുന്നു കൂടുതൽ യാത്രക്കാരെന്ന് ബസിലുണ്ടായിരുന്നവർ പറയുന്നു.
ബസ് ഇടതുവശത്തേക്ക് ചെരിയാൻ തുടങ്ങിയപ്പോൾ ഡ്രൈവർ വലതുവശത്തേക്ക് നീക്കിയെടുത്തപ്പോഴാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നവരുമുണ്ട്. അമിതവേഗം അപകടകാരണമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പാഞ്ഞെത്തി രക്ഷിതാക്കൾ
തൃപ്രയാറിൽനിന്നു തൃശൂരിലേക്കുള്ള ബസ് കണിമംഗലത്ത് മറിഞ്ഞെന്നും നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റെന്നും ചാനലുകളിലും വാട്സാപ്പിലും ഫ്ളാഷും മെസേജും വന്നതോടെ ഈ മേഖലയിലുള്ള രക്ഷിതാക്കൾ അപകടസ്ഥലത്തേക്കും ആശുപപത്രികളിലേക്കും കൂട്ടത്തോടെ കുതിച്ചെത്തി. തൃശൂരിലെ മാധ്യമസ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും തുരുതുരാ വിളികളും വന്നു.
മക്കളെ ഫോണിൽ വിളിച്ച് കിട്ടാത്തവരും ആശങ്കയിലായി. അതിനിടെ ആശുപത്രിയിലെത്തിയ മന്ത്രി രാജൻ യാതൊരു ആശങ്കയും വേണ്ടെന്ന് രക്ഷിതാക്കളെ ന്യൂസ് ചാനലുകൾ വഴി അറിയിച്ചു. എലൈറ്റ് ആശുപത്രിയിൽ മാത്രം 36 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.