സ്വന്തം ലേഖകൻ
തൃശൂർ: യാത്രക്കാർക്ക് ദുരിതം വിതച്ച് വടക്കേ സ്റ്റാൻഡ് ചെളി നിറഞ്ഞു കിടക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അടിയന്തിരമായി ക്വാറി വേസ്റ്റിട്ട് സ്റ്റാൻഡിലെ ചെളി നികത്തുമെന്ന് മേയർ അജിത വിജയൻ പറഞ്ഞു. താൽക്കാലിക സ്റ്റാൻഡായാതിനാൽ ടാറിംഗും മറ്റും എളുപ്പമല്ലാത്തതിനാൽ ചെളി നികത്താൻ തൽക്കാലം വേറെ വഴികളില്ല.
ഇടക്കിടെ ക്വാറി വേസ്റ്റ് കൊണ്ട് താൽക്കാലിക സ്റ്റാൻഡിലെ കുഴികൾ അടക്കാറുണ്ട്. മഴ കനത്തതോടെ സ്റ്റാൻഡിലാകെ ചെളിനിറഞ്ഞതിനാൽ വീണ്ടും ക്വാറി വേസ്റ്റിട്ട് സ്ഥലം നിരപ്പാക്കി പ്രശ്നം പരമാവധി പരിഹരിക്കുമെന്നും മേയർ പറഞ്ഞു.
മഴ കനത്തതോടെ താത്കാലിക സ്റ്റാൻഡ് ചെളിക്കുളമായിരിക്കുയാണ്. ചെളി നിറഞ്ഞതിനാൽ യാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളക്കെട്ടും ചെളിയും നിറഞ്ഞതോടെ ആരോടു പരാതി പറയും എന്നുപോലും അറിയാത്ത അവസ്ഥയിലാണ് യാത്രക്കാർ.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന സ്റ്റാൻഡിൽ മഴയെത്തിയാൽ ആളുകൾക്ക് കയറിനിൽക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിവിശേഷമുണ്ട്. സ്റ്റാൻഡിന്റെ നവീകരണം പൂർത്തിയാകാൻ കൂടുതൽ സമയമെടുത്തേക്കുമെന്നാണ് സൂചന. രാവിലെയും വൈകുന്നേരവും തിരക്കു കൂടുന്പോൾ ദുരിതവും കൂടിവരികയാണ്.
വടക്കേ സ്റ്റാൻഡിന്റെ നവീകരണം പൂർത്തിയാകും വരെ താൽക്കാലിക സ്റ്റാൻഡിലെ ഇത്തരം പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ജനങ്ങൾ ക്ഷമിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.