തൃശൂർ: കുതിരാൻ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് തൃശൂർ- പാലക്കാട് റൂട്ടിൽ സ്വകാര്യ ബസുടകളുടെ സമരം പൂർണം. നിർത്തിവച്ചത് നൂറ്റിയന്പതിലധികം ബസ് സർവീസുകൾ. അനിശ്ചിത കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഇന്നു വൈകുന്നേരത്തിനകം ജില്ലാ കളക്ടർ ബസുടമകളെ ചർച്ചയ്ക്കു ക്ഷണിച്ചേക്കും. അങ്ങനെയെങ്കിൽ സമരം ഒരുദിവസത്തേക്കു മാത്രമായി ചുരുക്കാനും സാധ്യതയുണ്ട്.
ബസ് സമരത്തെ തുടർന്ന് ഇരുജില്ലകളിലെയും യാത്രികർ ഏറെ വലഞ്ഞു. കെഎസ്ആർടിസി അടക്കമുള്ള ബസുകളിൽ വൻ തിരക്കാണ് രാവിലെ അനുഭവപ്പെട്ടത്. റോഡു തകർന്നു കിടക്കുന്നതിനാൽ ഇന്നു രാവിലെയും കുതിരാനിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. തൃശൂർ- പാലക്കാട്, വടക്കഞ്ചേരി, കൊഴിഞ്ഞാന്പാറ, നെ·ാറ തുടങ്ങി കുതിരാൻ വഴി പോകുന്ന എല്ലാ സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
കുതിരാൻ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി ടാറിംഗ് നടത്തുമെന്നു നേരത്തെ ജില്ലാ കളക്ടർ പറഞ്ഞിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം പണി തുടങ്ങാനായിരുന്നില്ല. കനത്ത മഴയാണ് കുതിരാൻ ഭാഗത്ത് അനുഭവപ്പെടുന്നത്. ഇതിനിടെ വലിയ കുഴികൾ അടച്ചിരുന്നെങ്കിലും റോഡ് സഞ്ചാരയോഗ്യമായിരുന്നില്ല. ഇതിനെ തുടർന്നാണ് മുൻ നിശ്ചയ പ്രകാരം ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങിയത്. ഇന്നു വൈകുന്നേരത്തിനകം ജില്ലാ കളക്ടർ ചർച്ചയ്ക്കു ക്ഷണിച്ചേക്കുമെന്നാണ് ബസുടമകളുടെ പ്രതീക്ഷ.
പ്രതികൂലാവസ്ഥ കണക്കിലെടുത്തു എല്ലാവിധ വിട്ടുവീഴ്ച്ചകൾക്കും സംഘടന തയാറാണെന്നും റോഡ് ഗതാഗതയോഗ്യമാക്കുക എന്നതു മാത്രമാണ് ലക്ഷ്യമിടുന്നതെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോ- ഓഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കുഴുപ്പിൽ രാഷ്ട്രദീപികയോടു പറഞ്ഞു. കളക്ടർ അടിയന്തിരമായി ഇടപെട്ടു കുതിരാൻ റോഡുപ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.