തൃശൂർ: പ്രളയാനന്തരം എന്തു നടന്നുവെന്നു മാത്രം കളക്ടറേറ്റിൽ ചോദിക്കരുത്. ഇതു സംബന്ധിച്ച് ഒരു വിവരവുമില്ലെന്നായിരിക്കും മറുപടി.
കളക്ടറേറ്റിൽ പ്രളയാനന്തര പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു വിവരുമില്ലെന്നാണ് കൗണ്‍സിലർ എ.പ്രസാദ് വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോൾ കിട്ടിയ മറുപടി.
പ്രളയാനന്തര പ്രവർത്തനത്തിന്റെ ഭാഗമായി 2019 ഡിസംബർ 15ന് മന്ത്രി വി.എസ്.സുനിൽകുമാറും, മേയറും, അനിൽ അക്കര എംഎൽഎയും, കളക്ടർ ഷാനവാസും കോർപറേഷൻ കൗണ്‍സിലർമാരും പങ്കെടുത്ത യോഗത്തിന്റെ മിനിട്സ് പോലും ഇറങ്ങിയിട്ടില്ല.
മിനിട്സ് ആവശ്യപ്പെട്ട് കോർപറേഷൻ സെക്രട്ടറി കത്ത് നൽകിയിട്ടും മറുപടിയില്ല. കത്തിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ സെക്രട്ടറി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയപ്പോഴാകട്ടെ, യോഗത്തിൽ എന്താണ് നടന്നതെന്ന് അറിയാത്തതിനാലാണ് മിനിട്സ് തയ്യാറാക്കാൻ സാധിക്കാത്തതെന്നായിരുന്നു മറുപടിയത്രേ.
അങ്ങനെ പ്രളയാനന്തര യോഗവും പ്രളയത്തിൽ മുങ്ങിപ്പോയെന്നർഥം.
പ്രളയാനന്തര പ്രവർത്തനത്തിന്റെ നോഡൽ ഓഫീസറായി ജില്ലാ കളക്ടറെ നിയമിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതും വെറും പ്രഖ്യാപനത്തിൽ ഒതുങ്ങി.
മന്ത്രിയും ജില്ലാ ഭരണകൂടവും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രളയം തടയുന്നതിനുള്ള ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്നും ജില്ലാ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറികൂടിയായ എ.പ്രസാദ് ആരോപിച്ചു.