തൃശൂർ: അജണ്ടകൾ ചർച്ച ചെയ്യാതെ പാസാക്കിയെന്നാരോപിച്ച് കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ കൗണ്‍സിലർമാർ മുദ്രാവാക്യം വിളികളുമായി മേയറെ ഉപരോധിച്ചു. 22 ന് ചേർന്ന കോർപറേഷൻ കൗണ്‍സിൽ ഏകപക്ഷീയമായി പിരിച്ചുവിട്ടെന്നു പരാതിപ്പെട്ടു പ്രതിപക്ഷ കൗണ്‍സിലർമാർ നോട്ടീസ് നൽകിയതനുസരിച്ചാണ് ഇന്ന് സ്പെഷ്യൽ കൗണ്‍സിൽ യോഗം വിളിച്ചുചേർത്തത്.
മുൻ കൗണ്‍സിലിൽ എടുത്ത തീരുമാനങ്ങളുടേതെന്ന പേരിൽ മിനിറ്റ്സ് വിതരണം ചെയ്തിരുന്നതായി പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേൽ ആരോപിച്ചിരുന്നു. മാലിന്യ നീക്കത്തിൽ ഉള്ള അപാകത ചർച്ച ചെയ്യാതെ കരാറുകാരന് പണം പാസാക്കി കൊടുക്കുന്നത് ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാതെ തീരുമാനിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ചർച്ച ചെയ്യാതെ എടുത്ത തീരുമാനങ്ങൾ റദ്ദു ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കൗണ്‍സിൽ പരിഗണിക്കേണ്ട വിഷയത്തിൽ തീരുമാനമെടുത്തുവെന്ന നിലപാടു സ്വീകരിച്ചത് ചട്ടലംഘനമാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് എം.കെ. മുകുന്ദൻ, ജോണ്‍ ഡാനിയൽ, എ. പ്രസാദ് എന്നിവർ പറഞ്ഞു.