തൃശൂർ: കുറച്ചു വർഷങ്ങളായി തൃശൂർ കോർപറേഷനിൽ സെക്രട്ടറിമാർ അധിക കാലം വാഴുന്നില്ല. വരുന്നവർക്ക് സീറ്റുറക്കാതെ മറ്റു സ്ഥലങ്ങളിലേക്ക് മാറി പോകുന്നത് വീണ്ടും തുടരുകയാണ്. ഏതാനും മാസങ്ങൾക്കു മുന്‍പ് ചാർജെടുത്ത പുതിയ സെക്രട്ടറി എ.എസ്.അനുജയെ സ്ഥലം മാറ്റി സർക്കാർ ഉത്തരവിറങ്ങി. കൊല്ലം കോർപറേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്. തൃശൂർ കോർപറേഷനെ കുറിച്ച് പഠിച്ചു വരുന്പോഴാണ് പുതിയ സ്ഥലത്തേക്ക് മാറ്റം. കണ്ണൂർ കോർപറേഷൻ സെക്രട്ടറി പി.രാധാകൃഷ്ണനെയാണ് തൃശൂരിലേക്ക് നിയമിച്ചിരിക്കുന്നത്.
തൃശൂർ കോർപറേഷൻ ഭരണകക്ഷിയുടെ നടപടികൾക്കെതിരെ വ്യാപകമായ പരാതികളും പ്രതിപക്ഷ നീക്കവും ശക്തമായിരുന്നു. നൂറു കോടി രൂപ വായ്പയെടുക്കാനുള്ള ഭരണകക്ഷിയുടെ തീരുമാനത്തിനം നടപ്പാക്കാൻ സാധിക്കാത്ത രീതിയിൽ വൻ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മറ്റും ഉണ്ടായിരിക്കുന്നത്. ഇതിനിടെ പ്രതിപക്ഷ കൗണ്‍സിലർമാർക്കും മാധ്യമങ്ങൾക്കുമൊക്കെ കോർപറേഷൻ ചട്ടമറിയാത്തതിനാലാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതെന്ന് കാണിച്ച് കൗണ്‍സിൽ യോഗം വിളിച്ചതും തിരിച്ചടിയായി.
ചട്ടമറിയാവുന്ന സെക്രട്ടറിമാർ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി നിൽക്കാത്തതും ഭരണകക്ഷിയംഗങ്ങളുടെയിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കോർപറേഷനിൽ പല കാര്യങ്ങളും ചട്ടപ്രകാരമല്ല നടക്കുന്നതെന്നതും പുതുതായി ചുമതലയേൽക്കുന്ന സെക്രട്ടറിമാർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഇതിന്റെയൊക്കെ ഭാഗമായാണ് ഇവിടെ ചാർജെടുക്കാൻ വരുന്നവർ കിട്ടാവുന്ന വേഗത്തിൽ സ്ഥലം മാറ്റം വാങ്ങി പോകുന്നതെന്നും ആരോപണമുണ്ട്.
വൈദ്യുതി വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സുഗതകുമാരിയെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇവരെ മണ്ണാർക്കാട് നഗരസഭയിലേക്കാണ് മാറ്റിയിരിക്കുന്നത്. നാലു കോർപറേഷനുകളിലെ സെക്രട്ടറിമാർക്കും ഗുരുവായുർ, ചാവക്കാട് നഗരസഭ സെക്രട്ടറിമാർക്കും സ്ഥലം മാറ്റമുണ്ട്. ഗുരുവായൂർ നഗരസഭ സെക്രട്ടറി വി.പി.ഷിബുവിനെ ചങ്ങനാശേരിയിലേക്കും, ചാവക്കാട് നഗരസഭ സെക്രട്ടറി ടി.എൻ.സീനിയെ ചെർപ്പുളശേരിയിലേക്കുമാണ് മാറ്റിയത്. പരപ്പനങ്ങാടി സെക്രട്ടറി വിശ്വനാഥനെ ചാവക്കാട് സെക്രട്ടറിയായും ചങ്ങനാശേരിയിൽ നിന്ന് ശ്രീകാന്തിനെ ഗുരുവായൂരിലേക്കും സെക്രട്ടറിമാരായ നിയമിച്ചിട്ടുണ്ട്.
സിപിഎം ഭരണത്തിൽ ഭയം കൂടാതെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയായതിനാലാണ് സെക്രട്ടറിമാർ സ്ഥലം മാറ്റം ചോദിച്ചുവാങ്ങി രക്ഷപെടുന്നതെന്ന് പ്രതിപക്ഷ ഉപനേതാവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോണ്‍ ഡാനിയേൽ കുറ്റപ്പെടുത്തി. പല നിയമവിരുദ്ധമായ കാര്യങ്ങൾക്കും കൂട്ടുനിൽക്കേണ്ടി വരുന്നതിനാലാണ് കൂടുതൽ നിന്നാൽ പെൻഷൻ വാങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക കാര്യങ്ങൾ എത്തുമെന്ന തിരിച്ചറിവാണ് സെക്രട്ടറിമാർ രക്ഷപെടുന്നതെന്ന് ജോണ്‍ ഡാനിയേൽ ആരോപിച്ചു.