തൃശൂർ: കോർപറേഷൻ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലെ അധിക്ഷേപവും അടിപിടിയും ഒത്തുതീർപ്പാക്കി. തൃശൂർ സണ്‍ (ഹാർട്ട്) ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കൗണ്‍സിലർ ലാലി ജയിംസിനെ ഡിസിസി നേതാക്കളും കൗണ്‍സിലർമാരും സന്ദർശിച്ചു.
മുൻ ഡിസിസി പ്രസിഡന്റ് പി.എ. മാധവനും തേറന്പിൽ രാമകൃഷ്ണനും മുൻകൈയെടുത്താണ് വിഷയം ഒത്തുതീർത്തത്. പ്രതിപക്ഷ നേതാവിന്റെ മുറിയിൽ നടന്ന യോഗത്തിനിടെ സ്വത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ സംസാരിക്കുകയും ആക്രമിക്കുകയും ചെയ്തതു വിവാദമായിരുന്നു.
കൗണ്‍സിലർ ടി.ആർ. സന്തോഷ്, പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, സി.ബി. ഗീത, ജോണ്‍ ഡാനിയേൽ, എ. പ്രസാദ്, ഷോമി ഫ്രാൻസിസ്, കരോളി ജോഷ്വ തുടങ്ങിയവരാണ് ആശുപത്രിയിൽ എത്തിയത്. തർക്കങ്ങൾ പരിഹരിക്കപ്പെട്ടെന്ന് ഒത്തുതീർപ്പിനു നേതൃത്വം നൽകാൻ ആശുപത്രിയിലെത്തിയ പി.എ. മാധവൻ പറഞ്ഞു.
അടിപിടിയിൽ കൗണ്‍സിലർ ടി.ആർ. സന്തോഷിനെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് സന്തോഷിനെ ഡിസ്ചാർജ് ചെയ്തത്.