തൃശൂർ: അവസാന കാലത്ത് അഴിമതിക്കു കൂട്ടു നിൽക്കാനില്ലെന്ന നിലപാടിൽ എൽഡിഎഫ് കൗണ്‍സിലർമാർ. അഴിമതിയാണെങ്കിലും ഒപ്പം നിർത്താൻ ഭരണ സമിതി.
ഇന്നലെ നടന്ന കോർപറേഷൻ കൗണ്‍സിൽ യോഗത്തിലാണ് അഴിമതിക്ക് സാധ്യതയുള്ള അജണ്ട കൊണ്ടുവന്നതിനെതിരെ ഭരണകക്ഷിയിലെ തന്നെ കൗണ്‍സിലർമാർ യോഗത്തിൽ നിന്നു വിട്ടു നിന്നത്.
സിപിഎമ്മിലെ കൗണ്‍സിലർമാരും ഘടകക്ഷികളിലെ ആറു കൗണ്‍സിലർമാരാണ് ഇതു വ്യക്തമാക്കി യോഗത്തിൽ നിന്നു വിട്ടു നിന്നത്. എന്നാൽ എൽഡിഎഫിലെ പത്തു കൗണ്‍സിലർമാർ യോഗത്തിൽ എത്തിയിരുന്നില്ല.
മറ്റു നാലു പേർ കാര്യം വ്യക്തമാക്കാതെയാണ് യോഗത്തിൽ നി്ന്നു വിട്ടു നിന്നത്. അഴിമിതി ആരോപണത്തെ വകവയ്ക്കാതെയും വൈദ്യുതി വകുപ്പിന്റെ എതിർപ്പിനെയും മറികടന്ന് വിവാദമായ ജലവൈദ്യുതി പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള കോർപറേഷൻ ഭരണകക്ഷിയുടെ തീരുമാനത്തിനെതിരെയാണ് ഭരണകക്ഷിയിൽ തന്നെ എതിർപ്പുയർന്നിരിക്കുന്നത്.
ഇതു പരസ്യമായി പറയാൻ സാധിക്കില്ലെന്നു പറഞ്ഞാണ് എൽഡിഎഫ് കൗണ്‍സിലർമാർ യോഗത്തിൽ നിന്നു വിട്ടു നിന്നത്. ഇവർ ഇക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. അഴിമതിക്കെതിരെയാണെന്നു പറഞ്ഞ് നിലകൊണ്ട എൽഡിഎഫ് ഭരണസമിതി അവസാന കാലത്ത് അഴിമതിക്കു കൂട്ടുനിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഭരണകക്ഷിയംഗങ്ങളിൽ തന്നെയുള്ള ചർച്ച.
പലർക്കും വിട്ടു നിൽക്കാനോ കാര്യങ്ങൾ തുറന്നു പറയാനോ സാധിക്കാത്തതിനാലാണ് മൗനമായി യോഗത്തിൽ പങ്കെടുക്കുന്നതെന്നും പറയുന്നു. മുൻ ഡെപ്യൂട്ടി മേയറുടെ പിടിവാശിയും നിലപാടുകളുമാണ് ഇത്തരത്തിൽ എൽഡിഎഫ് ഭരണസമിതിയുടെ പ്രതിഛായ തന്നെ മോശമാക്കുന്ന തരത്തിൽ കാര്യങ്ങൾ കൊണ്ടെത്തിക്കുന്നതെന്നാണ് ഇവരുടെ അഭിപ്രായം.
ഈ നീക്കത്തിനെതിരെ പാർട്ടി നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ തന്നെ ജനങ്ങൾക്കിടയിൽ അവമതിപ്പുളവാക്കുന്ന കാര്യങ്ങൾ നടത്തിയതിന് സിപിഎം ജില്ലാ നേതൃത്വം കോർപറേഷൻ ഭരണം നിയന്ത്രിക്കുന്ന ചില കൗണ്സിലർമാർക്ക മുന്നറിയിപ്പു നൽകിയിരുന്നു.
ഇതു വീണ്ടും ആവർത്തിക്കുന്നതിൽ ഭരണകക്ഷി കൗണ്‍സിലർമാർക്കിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കയാണ്. കൂടാതെ ചരിത്രത്തിൽ ഇതു വരെ ഇല്ലാത്തവിധം യോഗത്തിൽ പങ്കെടുക്കാത്ത കൗണ്‍സിലർമാരുടെ വീടുകളിലെത്തി ഹാജർ ബുക്ക് ഒപ്പ് ഇടാൻ നിർബന്ധിക്കുന്ന സംഭവവും പുറത്തു വന്നിരിക്കയാണ്.
ഇത്തരം നടപടികൾക്കെതിരെ പാർട്ടി ജില്ലാ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.