സ്വന്തംലേഖകൻ
തൃശൂർ: കോർപറേഷൻ കൗണ്‍സിൽ യോഗങ്ങളിൽ കോണ്‍ഗ്രസ് മേയർമാർ കരാർ ലംഘനം നടത്തി രാജിവയ്ക്കാതിരുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി നിരന്തരം പ്രതിപക്ഷത്തെ കളിയാക്കിയിരുന്ന സിപിഎം കൗണ്‍സിലർമാർക്ക് ഇപ്പോൾ തലയുയർത്താനാകുന്നില്ല. സ്വന്തം ഭരണത്തിലും കോണ്‍ഗ്രസ് പാർട്ടിയിലെ അതേ നിലപാട് ആവർത്തിച്ചതോടെ മറുപടി പറയാൻ കഴിയാതെ കുഴയുകയാണ് സിപിഎം കൗണ്‍സിലർമാർ.
കരാറനുസരിച്ച് സിപിഐയുടെ പ്രതിനിധിയായ മേയർ കഴിഞ്ഞ ഡിസംബർ 12ന് രാജിവയ്ക്കേണ്ടതായിരുന്നു. എന്നാൽ നാളിതുവരെയായിട്ട് അവരെക്കൊണ്ട് രാജിവയ്പ്പിക്കാൻ സിപിഎം നേതൃത്വം നൽകുന്ന ഭരണകക്ഷിക്കായിട്ടില്ല.
ഭൂരിപക്ഷമില്ലാതിരുന്നിട്ടും നിരന്തരം സിപിഎം കൗണ്‍സിലർമാർ കോണ്‍ഗ്രസ് മേയർമാരുടെ കരാർ ലംഘനവും അധികാര ഭ്രമവുമൊക്കെ പറഞ്ഞ് കൗണ്‍സിൽ യോഗങ്ങളിൽ പ്രതിപക്ഷത്തെ ആക്രമിച്ചിരുന്നു. ഇതിന് മറുപടി പറയാനാകാതെ കോണ്‍ഗ്രസ് കൗണ്‍സിലർമാരും മൗനം പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോണ്‍ഗ്രസ് പാർട്ടിയിൽ പോലും കാണാത്ത രീതിയിലുള്ള കരാർ ലംഘനമാണ് ഇടതു ഭരണത്തിൽ നടക്കുന്നത്.
സിപിഐയ്ക്ക് ഒരു വർഷത്തേക്കാണ് മേയർ സ്ഥാനം നൽകിയിരുന്നത്. മേയർ സ്ഥാനം രാജിവയ്ക്കുന്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകണമെന്നാണ് കരാർ. എന്നാൽ വാഗ്ദാനം പാലിക്കാൻ സിപിഎം നേതാക്കൾക്കും കഴിയുന്നില്ല.
ജനതാദളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണെ രാജിവയ്പ്പിക്കാനായിരുന്നു ശ്രമം നടത്തിയത്. അതിന് കഴിയാതെ വന്നപ്പോൾ സിഎംപിയിൽ നിന്നു ജയിച്ചു വന്ന പി.സുകുമാരനെ രാജിവയ്പ്പിക്കാൻ ശ്രമം നടത്തി. അതും സാധിക്കാതെ വന്നപ്പോൾ സ്വന്തം പാർട്ടിക്കാരനായ എം.പി.ശ്രീനിവാസനെ പൊതുമരാമത്ത് വകുപ്പു ചെയർമാൻ സ്ഥാനത്തു നിന്നു രാജിവയ്പ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഭീഷണിക്കു മുന്പിൽ പിൻമാറി.
രാജിവയ്പ്പിച്ചാൽ കൗണ്‍സിൽ സ്ഥാനം തന്നെ രാജിവയ്ക്കുമെന്നും എല്ലാ അഴിമതിയും വിളിച്ചു പറയുമെന്നും പറഞ്ഞതോടെ ആ വഴിയും തുറക്കാൻ കഴിഞ്ഞില്ല. ഇതോടെ അവസാന വർഷം സിപിഎം മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ഏറ്റെടുത്ത് ഭരണം നടത്താമെന്ന മോഹത്തിനാണ് തൽക്കാലം തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഡെപ്യൂട്ടി മേയറും രാജിവയ്ക്കാതായതോടെ സിപിഎമ്മിന്റെ എല്ലാ നീക്കങ്ങളും പാളിയിരിക്കയാണ്. അവസാന വർഷം എല്ലാ റോഡുകളും ടാർ ചെയ്യുകയും ചില വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത് ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സിപിഎം നേതാക്കളുടെ നീക്കങ്ങൾക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.
പല വികസന പ്രവർത്തനങ്ങളും ഇപ്പോഴും ഒന്നും ചെയ്യാതെ ഇഴഞ്ഞു നീക്കുന്നതിന്റെ കാരണവും ഇതാണ്. പട്ടാളം റോഡ് വികസനം നടത്താതെയിരിക്കുന്നതിന്റെയും ദിവാൻജിമൂല മേൽപ്പാലത്തിന്റെ റോഡ് നിർമാണം വൈകിപ്പിക്കുന്നതിന്റെയുമൊക്കെ കാരണം ഇതാണെന്ന് കൗണ്‍സിലർമാർക്കിടയിൽ തന്നെ ചർച്ചകളുണ്ട്.
സിപിഎം ഭരണനേതൃത്വം ഏറ്റെടുത്താൽ ഇത്തരം വികസന പ്രവർത്തനങ്ങൾ നടത്തി ഭരണം കഴിയുന്നതിനു മുന്‍പു തന്നെ ഉദ്ഘാടനങ്ങൾ നടത്താനുള്ള നീക്കങ്ങളായിരുന്നു മനസിൽ. എന്നാൽ ഈ സ്ഥിതി തുടർന്നാൽ സിപിഎമ്മിന് വീണ്ടും മേയർ സ്ഥാനം കിട്ടിയാലും കാര്യമായ നടപടികൾ നടത്താൻ സാധിക്കാതെ വരും.
തെരഞ്ഞെടുപ്പ് അടുത്തതോടെ വേണ്ടത്ര കാര്യങ്ങൾ നടത്താൻ സമയം കിട്ടില്ലന്നതാണ് പ്രധാന തടസമായി മാറുക. സിപിഎയുടെ മേയറുള്ളപ്പോൾ എംഒ റോഡ് സബ്വേ തുറക്കാതിരിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു.
എന്നാൽ രാജിവയ്ക്കുന്നതിനു മുന്‍പ് ഉദ്ഘാടനം നടത്തണമെന്ന മേയർ അജിത വിജയന്റെ ഉറച്ച നിലപാടിന്റെ മുന്പിൽ സിപിഎം വഴങ്ങുകയായിരുന്നു. എന്നാൽ ഇതൊന്നും മുതലെടുക്കാനാകാതെ നിഷ്ക്രിയരായിരിക്കയാണ് പ്രതിപക്ഷം.