രണ്ടു തവണ ലക്ഷങ്ങൾ പൊടിച്ച് പുതുക്കിപ്പണിത മേയറുടെ ചേംബറിൽ വീണ്ടും നാലു ലക്ഷം ചെലവാക്കി ശുചിമുറി പണിതത് അധികാര ധൂർത്താണെന്നു ജോൺ ഡാനിയൽ. തൃശൂർ കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ ബഹളം
പഞ്ചനക്ഷത്ര മോഡലിൽ ശുചിമുറി പണിയുമ്പോൾ ചെലവാകുന്നത് ജനങ്ങളുടെ പണമാണെന്ന് ഓർമ വേണം.ലൈഫ് പദ്ധതിയിൽ വീടുപണിയാൻ ആറു ലക്ഷമാണു നല്കുന്നത്.
പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ 16 ലക്ഷം ചെലവായതു പരിശോധിക്കണം.
തുടർന്ന് ധനകാര്യ കമ്മിറ്റിക്കു വിടാൻ കൗൺസിൽ തീരുമാനിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മസാലദോശയ്ക്കു 25,000 രൂപ ചെലവിട്ടതിനെ രാജൻ പല്ലൻ ചോദ്യം ചെയ്തു.
ഓണഫണ്ട് എടുക്കടോ…എന്നാക്രോശിച്ച് കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ ബഹളം. മേയറെ ഉദ്ഘാടനത്തിനു വിളിക്കാത്ത ഒാണാഘോഷ പരിപാടികൾക്കു ഫണ്ട് അനുവദിക്കാത്ത നടപടിയാണു ബഹളത്തിനിടയാക്കിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാരായ മുകേഷ് കൂളപ്പറന്പിൽ, ശ്രീലാൽ ശ്രീധർ, എബി വർഗീസ് എന്നിവർ പ്ലക്കാർഡുകളുമായി നടുത്തളത്തിൽ നിലയുറപ്പിച്ചു.
ഈഗോ മേയർ രാജിവയ്ക്കുക, ഓണാഘോഷം ഉദ്ഘാടനത്തിന് ടി.എൻ. പ്രതാപൻ എംപിയേയും ഐജിയെയും ക്ഷണിച്ചതിലുള്ള മേയറുടെ ഈഗോ അവസാനിപ്പിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
ഓണാഘോഷം നടത്തിയെന്നു പറഞ്ഞാൽ മതിയോ, ഞാനറിയേണ്ടേ എന്നായിരുന്നു മേയറുടെ മറുപടി. വെറുതെ ഒപ്പിട്ടുകൊടുക്കാൻ പറ്റില്ല, ആഘോഷപരിപാടി ഞാനറിയണം.
നിയമന വിവാദങ്ങളെല്ലാം നടക്കുന്ന സമയമാണെന്നും ഞാനറിയാത്ത കാര്യങ്ങൾ ഒപ്പിടില്ലെന്നും മേയർ തറപ്പിച്ചു പറഞ്ഞു. ഇതോടെ പ്ലക്കാർഡേന്തിയവർ കുത്തിയിരുന്നു. ഓണാഘോഷത്തിലെ രാഷ്്ട്രീയം അവസാനിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു.
ഓണാഘോഷ ഫണ്ടിനുവേണ്ടി മേയറെ കണ്ട് അപേക്ഷിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.