സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ കൗണ്‍സിൽ അറിയാതെ അരണാട്ടുകര ടാഗോർ സെന്റിനറി ഹാൾ പൊളിച്ച് മണ്ണു കുഴിച്ചെടുത്തു വിറ്റതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസും ബിജെപിയും കൗണ്‍സിൽ യോഗത്തിൽ ആവശ്യപ്പെട്ടു. മണ്ണുകൊള്ളയ്ക്കെതിരെ ഭരണകക്ഷിയംഗങ്ങളിൽ ചിലരും രംഗത്തുവന്നതോടെ വിഷയം വലിയ ബഹളത്തിനു കാരണമായി.
മണ്ണുകൊള്ളയ്ക്കെതിരെ ഭരണകക്ഷിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കൂടിയായ ഷീബ ബാബുവും സിപിഎമ്മിലെ കൃഷ്ണൻകുട്ടി മാസ്റ്ററും സംസാരിക്കുന്നതു തടസപ്പെടുത്താൻ ഭരണകക്ഷിയംഗങ്ങൾതന്നെ ശ്രമിച്ചത് ഏറെനേരത്തെ വാക്കു തർക്കത്തിനു കാരണമായി. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച ഭരണകക്ഷിയംഗങ്ങൾക്ക് അനുകൂലമായി പ്രതിപക്ഷാംഗങ്ങൾ രംഗത്തുവന്നതോടെയാണ് ബഹളമായത്.
പ്രതിപക്ഷ നേതാവായശേഷം ആദ്യമായി കൗണ്‍സിൽ യോഗത്തിൽ പങ്കെടുത്ത മുൻ മേയർ രാജൻ പല്ലനാണ് അരണാട്ടുകരയിലെ മണ്ണുകൊള്ളയിൽ വൻ അഴിമതിയുണ്ടെന്നാരോപിച്ചത്. കൗണ്‍സിലറിയാതെ നടത്തിയ അഴിമതിക്കു ഭരണകക്ഷി മറുപടി പറയണമെന്നാവശ്യപ്പെട്ടു. മണ്ണു വിറ്റതു സംബന്ധിച്ചു കൗണ്‍സിലംഗങ്ങൾ ആരും അറിഞ്ഞിട്ടില്ലെന്നു പ്രതിപക്ഷാംഗങ്ങൾ വ്യക്തമാക്കി.
മണ്ണുകൊള്ള നടത്തുന്നതറിഞ്ഞിരുന്നെങ്കിൽ തടയണമായിരുന്നുവെന്നും പ്രതിപക്ഷത്തിനു കമ്മീഷൻ കിട്ടാത്തതുകൊണ്ടാണ് തടയാതിരുന്നതെന്നും ഭരണകക്ഷിയിലെ പ്രേംകുമാർ പറഞ്ഞു. കമ്മീഷൻ കിട്ടാത്തതുകൊണ്ടാണെന്നു പറഞ്ഞാൽ അതിനർഥം ഇതിൽ കമ്മീഷനുണ്ടെന്നാണെന്നു ഭരണകക്ഷിയിലെതന്നെ ഷീബ ബാബു പറഞ്ഞതോടെ പിന്തുണയുമായി പ്രതിപക്ഷവും ഏറ്റുപിടിച്ചു.
മണ്ണു കൊണ്ടുപോയതു തടഞ്ഞുവെന്നു പ്രതിപക്ഷത്തെ ലാലി ജെയിംസ് പറഞ്ഞു. ഒരു ലോറി മണ്ണുമായി മറിഞ്ഞു. മറ്റു ലോറികൾ തടയാൻ ശ്രമിച്ചപ്പോൾ നിർത്താതെ പോയി. വിവരം കോർപറേഷൻ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ലാലി ജെയിംസ്പറഞ്ഞു.
കാര്യം വ്യക്തമാക്കി ഡെപ്യൂട്ടി മേയർ
മണ്ണു ലേലം ചെയ്തു വിൽക്കാൻ എല്ലാ അനുമതിയും കിട്ടിയിട്ടുണ്ടെന്നും തുറന്ന ടെൻഡർ വിളിച്ച് 22 ലക്ഷം രൂപയ്ക്കാണ് വിൽപന നടത്തിയതെന്നും ഡെപ്യൂട്ടി മേയർ റാഫി ജോസ് വിശദീകരിച്ചു. 25 പേർ ലേലത്തിൽ പങ്കെടുത്തു. മുൻകൂർ അനുമതി ലഭിച്ചതിനാലാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
എന്നാൽ, ടെൻഡർ കൗണ്‍സിൽ അംഗീകരിച്ചിരുന്നോ എന്നായി രാജൻ പല്ലൻ. 45 ലക്ഷം രൂപ ലഭിക്കേണ്ട മണ്ണിനാണ് ഇത്രയും കുറവ് തുക ലഭിച്ചിരിക്കുന്നത്. ഇതിൽ വൻ അഴിമതിയാണെന്നു പ്രതിപക്ഷത്തെ കെ.സന്തോഷ്, ഫ്രാൻസിസ് ചാലിശേരി, ജേക്കബ് പുലിക്കോട്ടിൽ, സൂബി ബാബു, വത്സല ബാബുരാജ് എന്നിവർ ആരോപിച്ചു.
ബിജെപിയിലെ എം.എസ്.സന്പൂർണ, കെ.മഹേഷ്, വിൻഷി അരുണ്‍കുമാർ, വി.രാവുണ്ണി എന്നിവരും മണ്ണുകൊള്ളയ്ക്കെതിരെ രംഗത്തുവന്നു.
എന്നാൽ, ടെൻഡറിൽ മണ്ണ് എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ മറ്റു വിശദാംശങ്ങളോ ഉണ്ടോയെന്നായി ഭരണകക്ഷിയിലെ ഷീബ ബാബു. ഇല്ലാത്ത അനുമതിയുടെ പേരിൽ വൻഅഴിമിതികളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നു ഭരണകക്ഷിയംഗങ്ങളായ ഷീബ ബാബുവും കൃഷ്ണൻകുട്ടി മാസ്റ്ററും തുറന്നടിച്ചു.
കെൽട്രോണിനു ഹൈമാസ്റ്റ് ലൈറ്റ് വയ്ക്കാൻ അനുമതി നൽകിയിരുന്നെങ്കിൽ ഒന്നരകോടി രൂപ നഷ്ടമാകുമെന്നും ഈ ഒന്നര കോടി രൂപ തട്ടിയെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എഴുതിയിട്ടുള്ള പ്ലക്കാർഡുകൾ ഭരണകക്ഷിയംഗങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇതിനെ പുച്ഛിച്ചാണ് ഭരണകക്ഷിയംഗങ്ങൾതന്നെ രംഗത്തുവന്നത്.
നാലിൽനിന്നു നേരെ 22ലേക്ക്
അയ്യന്തോൾ സോണൽ ഓഫീസ്, പ്രിയദർശിനി ഹാൾ എന്നിവ പൊളിച്ചുപണിയുന്ന അജൻഡയിലെ നാലാമത്തെ വിഷയം ചർച്ചയ്ക്കു വന്നപ്പോഴാണ് അരണാട്ടുകരയിലെ മണ്ണുകൊള്ളയിലേക്കു ചർച്ച വഴിമാറിയത്.
22-ാമത്തെ വിഷയമായി ടാഗോർ ഹാളിന്റെ നിർമാണ പ്രവർത്തനം സംബന്ധിച്ചുള്ള അജൻഡ ഉണ്ടായിരുന്നു. എല്ലാവരും മണ്ണുകൊള്ള പറഞ്ഞതോടെയാണ് ഡെപ്യൂട്ടി മേയർ വിശദീകരണവുമായി എഴുന്നേറ്റത്.
വിഷയം പിന്നീടു ചർച്ച ചെയ്യാമെന്നു മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. എന്തായാലും ടാഗോർ ഹാൾ നിർമാണം സംബന്ധിച്ച് അജൻഡയിൽ വന്ന വിഷയം അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കി.
മുൻകൂർ അനുമതി അനുവദിക്കില്ല
വാർഡ് വർക്കുകൾക്കൊഴികെ മേയർ മുൻകൂർ അനുമതി നൽകുന്നതു കോണ്‍ഗ്രസിലെ 22 കൗണ്‍സിലർമാരും അംഗീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ.
ഏറ്റവും കൂടുതൽ മുൻകൂർ അനുമതി നൽകിയതു രാജൻ പല്ലൻ മേയറായിരുന്ന കാലത്താണെന്നു വർഗീസ് കണ്ടംകുളത്തി പറഞ്ഞു. ഇതു തെറ്റിദ്ധരിപ്പിക്കലാണെന്നു ഫ്രാൻസിസ് ചാലിശേരി.
മുൻകൂർ അനുമതി വാങ്ങിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ഏറ്റവും കൂടുതൽ പ്രതിപക്ഷാംഗങ്ങളാണെന്നു വ്യക്തമാകുമെന്നായിരുന്നു ഭരണകക്ഷിയിലെ അനൂപ് ഡേവിസ് കാടയുടെ വിശദീകരണം.
കലാപത്തിന്റെ പേരിലും കലഹം
ഡൽഹിയിൽ കലാപത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്പോൾ ഡൽഹി കലാപത്തിൽ സർക്കാരിന്റെ അറിവോടെ നടത്തിയ അക്രമത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നു വായിച്ചതോടെയാണ് ബിജെപിയിലെ മഹേഷ് എതിർത്തത്.
കേന്ദ്ര സർക്കാരിന്റെ അറിവോടെയെന്ന് എഴുതിയതു മാറ്റണമെന്ന് ബിജെപിയംഗങ്ങൾ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ ജോണ്‍ ഡാനിയേൽ ബിജെപിക്കെതിരെ തിരിഞ്ഞതോടെ ബഹളമായി.
ഡൽഹിയിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന വംശീയ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻകൂടിയായ ജോണ്‍ ഡാനിയേൽ പ്രമേയവും അവതരിപ്പിച്ചു. ഈ വിഷയത്തിൽ മൗനം പാലിച്ച സിപിഎം അംഗങ്ങളെ കോണ്‍ഗ്രസ് അംഗങ്ങൾ കളിയാക്കി.
മുകുന്ദൻ യോഗത്തിനെത്തിയില്ല
പ്രതിപക്ഷ സ്ഥാനത്തുനിന്നു മാറ്റിയ എം.കെ. മുകുന്ദൻ ഇന്നലെ നടന്ന കൗണ്‍സിൽ യോഗത്തിനെത്തിയില്ല. ഉപനേതാവായിരുന്ന ജോണ്‍ ഡാനിയേൽ യോഗത്തിനെത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ സീറ്റിൽ രാജൻ പല്ലനാണ് ഇരുന്നത്. ഉപനേതാവായി നിയമിച്ച സി.ബി.ഗീതയും പങ്കെടുത്തില്ല.