തൃശൂർ: കോർപറേഷനിലേക്ക് വാഹനവുമായി പൊതുജനങ്ങളാരും വരേണ്ടെന്നു സെക്രട്ടറിയുടെ വിചിത്രമായ ഉത്തരവ്. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ എത്തുന്നവർ പാർക്ക് ചെയ്യാനുള്ള സ്ഥലവും തപ്പി കോർപറേഷൻ പരിസരത്ത് കറങ്ങിനടക്കേണ്ട ഗതികേടിലാണ്.
കെട്ടിട നിർമാണ അനുമതിക്കും വ്യാപാര സ്ഥാപനങ്ങളും സ്വന്തമായി പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നു വ്യവസ്ഥയുള്ളപ്പോഴാണു വാഹനങ്ങളെ അകറ്റി കോർപറേഷന്റെ തലതിരിഞ്ഞ ഉത്തരവ്.
കോർപറേഷൻ ഒൗദ്യോഗിക വാഹനങ്ങൾക്കും ജീവനക്കാരുടെയും കൗൺസിലർമാരുടെയും വാഹനങ്ങൾക്കും മാത്രമേ ഒാഫീസ് കോന്പൗണ്ടിലേക്കു പ്രവേശനമുള്ളൂവെന്നാണ് ഉത്തരവിറക്കി ഗേറ്റിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
എന്നാൽ കോർപറേഷനിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പുറത്ത് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. കോർപറേഷന് തൊട്ടുമുന്പിൽ എംഒ റോഡിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് ഇരുചക്രവാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമുണ്ടെങ്കിലും അവിടെ വിവിധ വ്യാപാരസ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ വാഹനങ്ങൾ നിറഞ്ഞിരിക്കും.
ഇവിടെത്തന്നെ കുറച്ചു സ്ഥലം ബാരിക്കേഡുകൾ വച്ചുകെട്ടി ചിലർക്കുമാത്രം പാർക്കിംഗിനുള്ള അനധികൃത സൗകര്യം ഒരുക്കിയിരിക്കുകയാണ്.
നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി കോർപറേഷനിൽ വൈദ്യുതി, വെള്ളം ബില്ലുകൾ അടയ്ക്കാനും മറ്റു സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കും പരാതികളുമായും കോർപറേഷനിൽ എത്തുന്നത്.
ഇങ്ങനെയെത്തുന്നവർ ജീവനക്കാരെയും കൗൺസിലർമാരെയുംപ്പോലെ സ്ഥിരമായി വാഹനം നിർത്തിയിടുന്നില്ല. നിശ്ചിത സമയം കഴിഞ്ഞാൻ ആവശ്യം നിറവേറ്റു പോകുകയാണു പതിവ്.
അതുകൊണ്ടുതന്നെ അവർ പാർക്കിംഗ് പ്രശ്നം ഉണ്ടാക്കുന്നില്ല. ജീവനക്കാർക്കും കൗൺസിലർമാർക്കും ഒൗദ്യോഗിക വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ വേറെ സൗകര്യം ഒരുക്കേണ്ടതിനു പകരമാണ് പൊതുജനങ്ങളുടെ വാഹനങ്ങൾ തടയുന്നത്.
പൊതുജനങ്ങളുടെ വാഹനങ്ങൾ ഗേറ്റിൽ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് പരാതി പറയാൻ എത്തുന്നവരെ തടയാനുള്ള നീക്കമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും കൗൺസിലര് ജോൺ ഡാനിയൽ കുറ്റപ്പെടുത്തി.
സ്വന്തം ലേഖകൻ