സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ എൽഡിഎഫ് ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്നു വീന്പിളക്കിയ പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദനും കൗണ്‍സിലർമാരും ഡിസിസി വിളിച്ചുചേർത്ത യോഗത്തിൽ മൗനം പാലിച്ചു. ഒടുവിൽ അവിശ്വാസത്തിനു പകരം കോർപറേഷനെതിരെ കുറ്റപത്രം തയാറാക്കാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു. അവിശ്വാസം സംബന്ധിച്ച് ഒരു വാക്കുപോലും ചർച്ച ചെയ്യാതെയാണ് യോഗം പിരിഞ്ഞതെന്നതും വിരോധാഭാസമായി.
അവിശ്വാസം സംബന്ധിച്ചു ചർച്ച നടത്തുന്നതിനാണ് ഇന്നലെ ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ യോഗം വിളിച്ചിരിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്. കോർപറേഷനെതിരെ അവിശ്വാസം കൊണ്ടുവരുമെന്നു പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദൻ നേരത്തെ പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ നീക്കം വ്യാജമാണെന്നു തിരിച്ചറിഞ്ഞ് മറ്റു കൗണ്‍സിലർമാർ മൗനം പാലിച്ചതോടെയാണ് അവിശ്വാസത്തക്കുറിച്ച് ചർച്ചപോലും ചെയ്യാതെ നേതൃയോഗം അവസാനിച്ചത്.
യോഗത്തിൽ പങ്കെടുത്ത എം.കെ.മുകുന്ദൻ പോലും അവിശ്വാസത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലത്രേ. അവിശ്വാസം കൊണ്ടുവരുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ബിജെപി നേതൃത്വവും കോണ്‍ഗ്രസ് നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു.കോർപറേഷന്റെ നാലാം വാർഷികതോടനുബന്ധിച്ച് കുറ്റപത്രം തയാറാക്കാനാണ് യോഗത്തിന്റെ തീരുമാനം. കുറ്റപത്രം തയാറാക്കുന്നതിനായി പി.എ. മാധവൻ കണ്‍വീനറായും എം.കെ. മുകുന്ദൻ, രാജൻ പല്ലൻ, ജോണ്‍ ഡാനിയൽ, എ. പ്രസാദ്, സി.ബി. ഗീത, സുബി ബാബു എന്നിവർ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചു.
നഗരത്തിൽ വിപുലമായ ബഹുജന കണ്വൻഷൻ വിളിച്ചു കോർപറേഷന് എതിരായ കുറ്റപത്രം അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡിവിഷൻതലത്തിലും സോണൽ തലത്തിലും വിപുലമായ മാർച്ച് സംഘടിപ്പിക്കാനും കോർപറേഷന് എതിരെ ഡിവിഷൻതലത്തിൽ ഭവനസന്ദർശനം നടത്തി ഒപ്പുശേഖരണം നടത്താനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ എംപി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, തേറന്പിൽ രാമകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, പി.എ. മാധവൻ അബ്ദുറഹ്മാൻകുട്ടി, ജോസഫ് ചാലിശേരി, പ്രതിപക്ഷ നേതാവ് എം.കെ മുകുന്ദൻ, രാജൻ പല്ലൻ, പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ ജോണ്‍ ഡാനിയൽ, പാർലമെന്ററി പാർട്ടി സെക്രട്ടറി എ. പ്രസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഐ.പി. പോൾ, ഗിരീഷ് കുമാർ, ജൈജു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.