സ്വന്തംലേഖകൻ
തൃശൂർ: സംസ്ഥാനത്തെ ആദ്യത്തെ കറൻസി രഹിത ജില്ലയായി തൃശൂരിനെ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി. പരീക്ഷണാടിസ്ഥാനത്തിലാണു ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾക്കു മൂന്നു മാസങ്ങൾക്കു മുന്പു ജില്ലാ ഭരണകൂടം തുടക്കം കുറിച്ചത്.
കളക്ടർ എസ്.ഷാനവാസിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകളെടുപ്പിക്കാനുള്ള ശ്രമമാണ് ആദ്യം ആരംഭിച്ചത്. എന്നാൽ ഇതിന്റെ പ്രവർത്തനം നടക്കുന്നതിനിടെയാണു കോവിഡെത്തിയത്.
സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിനിടയിൽ രാജ്യത്തെ ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത ജില്ലയായി തൃശൂർ മാറി. ഇതോടെ ഡിജിറ്റൽ തൃശൂർ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കു തടസങ്ങൾ നേരിട്ടു.
പിന്നീട് കോവിഡ് കേസുകൾ സംസ്ഥാനത്തു കൂടുതൽ വന്നതോടെ മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കാതെയായി. സെപ്റ്റംബറോടെ കറൻസി രഹിത ജില്ലയായി തൃശൂരിനെ പ്രഖ്യാപിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. തട്ടുകടകളും വഴിയോര കച്ചവടക്കാരും മുതൽ വൻകിട സ്ഥാപനങ്ങളിൽ വരെ കറൻസി ഉപയോഗിക്കാതെ ഇ-പോസ് മെഷീൻ വഴിയും ഡിജിറ്റലായും ഇടപാടുകൾ നടത്തണമെന്നാണു നിർദ്ദേശം.
ബസുകളിൽ ടിക്കറ്റു കൊടുക്കാനും എടിഎം കാർഡുകൾ ഉപയോഗിക്കണം. ഇതിനായാണ് എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമാക്കുന്നത്. ഡിജിറ്റൽ തൃശൂരിന്റെ ഭാഗമായി കളക്ടറേറ്റിലെ കാന്റീനിൽ വരെ ഡിജിറ്റൽ ഇടപാട് ആരംഭിച്ചിരുന്നു.
ഇപ്പോൾ വലിയ കടകളിലും പെട്രോൾ പന്പുകളിലും മറ്റു സ്ഥാപനങ്ങളിലുമൊക്കെ എടിഎം കാർഡുകൾ വഴി പണമൊടുക്കാനുള്ള സൗകര്യമുണ്ട്. ഇതു തട്ടുകടകളിലേക്കു വരെ വ്യാപിപ്പിക്കുകയെന്നത് ഏറെ സയമം വേണ്ടിവരും.
ഇതിനായാണ് സെപ്റ്റംബർ വരെ ഇതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ജനുവരി മുതൽ ഇതിന്റെ പ്രവർത്തനങ്ങൾ നടത്താൻ പറ്റാതായതോടെ ഈ വർഷം അവസാനമാകുന്പോഴേക്കും ഡിജിറ്റൽ ഇടപാടിലേക്ക് തൃശൂരിനെ മാറ്റാനാകുമെന്നാണു പ്രതീക്ഷ.