
പ്രത്യേക ലേഖകൻ
തൃശൂർ: ഒരു വർഷത്തോളമായി നാഥനില്ലാക്കളരിയായ തൃശൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഇനി രണ്ടു പ്രസിഡന്റുമാർ. കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായ ഒ. അബ്ദുറഹ്മാൻകുട്ടിയും കെപിസിസി വൈസ് പ്രസിഡന്റ് പദ്മജ വേണുഗോപാലുമാണ് പ്രസിഡന്റുമാരാകുന്നത്. അബ്ദുറഹ്മാൻ കുട്ടി എ ഗ്രൂപ്പു നേതാവും പത്മജ ഐ ഗ്രൂപ്പു നേതാവുമാണ്.
പൊതുസമ്മതനായ ഒരു ജില്ലാ പ്രസിഡന്റിനെ കണ്ടെത്തി നിയമിക്കാൻ കെപിസിസിയും എഐസിസിയും പരാജയപ്പെട്ടു. ജില്ലയിലെ എല്ലാ ഗ്രൂപ്പുകളും ജില്ലാ പ്രസിഡന്റു സ്ഥാനത്തേക്ക് മുൻ എംഎൽഎ എം.പി. വിൻസെന്റിന്റെ പേരു നിർദേശിച്ച് രണ്ടുമാസമായി കാത്തിരിക്കുകയായിരുന്നു.
എല്ലാം അട്ടിമറിച്ചുകൊണ്ടാണ് എഐസിസി തൃശൂരിനെ വീണ്ടും നാഥനില്ലാക്കളരിയാക്കിയത്. രണ്ടുപേർക്കും താത്കാലിക ചുമതലയാണു നൽകിയത്. സ്ഥിരം സംവിധാനം ഒരുക്കില്ല.
പാർട്ടിയേയും നേതാക്കളേയും പ്രവർത്തകരേയും കോർത്തിണക്കി പാർട്ടിയെ മുന്നോട്ടുനയിക്കാൻ ശേഷിയുള്ളവരെ പ്രസിഡന്റായി വാഴിക്കേണ്ടതില്ലെന്ന നിലപാടിലാണ് എഐസിസി.
പ്രസിഡന്റായി നിയമിതരായ ഇരുവരും കെപിസിസി ഭാരവാഹികളാണ്. കെപിസിസിയിലെ ചുമതല നിർവഹിക്കാൻ അനുവദിക്കാതെ തൃശൂർ ജില്ലയിൽ തളച്ചിടാനുള്ള തന്ത്രമാണെന്നു കരുതുന്നുവരുണ്ട്. തൃശൂർ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണെന്നു വിശ്വസിക്കുന്നവരും ഉണ്ട്.
പാർട്ടിയിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്നു പ്രവർത്തിക്കുന്നവരെ വാഴിക്കില്ലെന്ന വാശിയിലാണ് നേതാക്കൾ. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് ആളില്ലാതായിട്ട് ഒരു വർഷം കഴിഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ പുതിയ ഡിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ധാരണയായതായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മൂന്നുമാസം മുന്‍പേ സ്ഥാനം ഒഴിയുകയാണെന്നു പ്രതാപൻ എഐസിസിയേയും കെപിസിസിയേയും അറിയിച്ചിരുന്നു. ഇതു പരിഗണിച്ച് പുതിയ പ്രസിഡന്റിനെ കണ്ടെത്താനും നിയമിക്കാനും കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നില്ല.
കഴിവുള്ള പ്രവർത്തകരേയും നേതാക്കളേയും ഒഴിവാക്കുന്ന നയമാണ് ജില്ലയിലെ കോണ്‍ഗ്രസിനുള്ളത്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു വോട്ടർപട്ടികയിൽ പേരുചേർക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾക്കു പാർട്ടി സംവിധാനത്തെ സജ്ജമാക്കേണ്ട അവസരമാണിത്.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സജീവമാക്കിക്കഴിഞ്ഞു. സ്ഥാനാർഥിനിർണയ ചർച്ചകൾപോലും തുടങ്ങി. കോണ്‍ഗ്രസിന് സംഘടനാസംവിധാനം സജ്ജമാക്കാൻപോലും കഴിഞ്ഞിട്ടില്ല.
ഈ നില തുടർന്നാൽ കർണാടകത്തിലും മധ്യപ്രദേശിലും സംഭവിച്ചതെല്ലാം തൃശൂരിലും, കേരളത്തിൽതന്നെയും ആവർത്തിക്കും.
തൃശൂർ ഡിസിസിക്ക് രണ്ടു പ്രസിഡന്റുമാർ: അബ്ദുറഹ്മാൻകുട്ടിയും പദ്മജയും
തൃശൂർ: കോണ്‍ഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റുമാരായി കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായ ഒ. അബ്ദുറഹ്മാൻകുട്ടിയേയും കെപിസിസി വൈസ് പ്രസിഡന്റ് പദ്്മജ വേണുഗോപാലിനേയും നിയമിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നിയമന ഉത്തരവു പുറപ്പെടുവിച്ചത്.
ജില്ലാ പ്രസിഡന്റായിരുന്ന ടി.എൻ. പ്രതാപൻ എംപിയുടെ രാജിക്കത്ത് സ്വീകരിച്ചുകൊണ്ടാണ് നിയമനം. താത്കാലിക സംവിധാനമെന്ന നിലയിലാണ് ഇരുവർക്കും പ്രസിഡന്റിന്റെ ചുമതല നൽകിയത്. കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനുതന്നെയാകും കെപിസിസിയിൽ തൃശൂരിന്റെ ചുമതല.