തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പു തോൽവിക്കു കാരണമായി പാർട്ടി കണ്ടെത്തിയ വിഴുപ്പലക്കലും കുതികാൽവെട്ടും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ആവർത്തിക്കാതിരിക്കാൻ പുതിയ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ തിരക്കിട്ട ശുദ്ധികലശം.
മുൻകാലത്തേതടക്കം പാർട്ടിവിരുദ്ധ നടപടികളുടെ പേരിൽ പത്തു ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തതു ജില്ലയുടെ വിവിധയിടങ്ങളിൽനിന്നുള്ള ആറു നേതാക്കളെ. ഇതിൽ ഒരാളുടെ സസ്പെൻഷൻ പിന്നീടു പിൻവലിച്ചു. രണ്ടുപേർക്ക് കാരണം കാണിക്കൽ നോട്ടീസും നല്കിയിട്ടുണ്ട്.
ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിന്റെയും യുഡിഎഫ് കൺവീനറായിരുന്ന എം.പി. വിൻസെന്റിന്റെയും രാജി ചോദിച്ചുവാങ്ങിയ എഐസിസി നേതൃത്വത്തിന്റെ പിന്തുണയോടെയാണു തൃശൂരിൽ കോൺഗ്രസിലെ കളപറിക്കൽ.ജില്ലയിലെ സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പലയിടത്തും വിമത പാനലുകളടക്കം വിഭാഗീയ പ്രർത്തനങ്ങൾ രൂപപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടി.
കോൺഗ്രസിൽ കാലങ്ങളായുള്ള പുഴുക്കുത്തുകളെ വേരോടെ പിഴുതെറിഞ്ഞു പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണു ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നത്. അച്ചടക്ക നടപടികളിലൂടെ കോൺഗ്രസിൽനിന്നു ബിജെപി അടക്കമുള്ള മറ്റു പാർട്ടികളിലേക്കുള്ള ഒഴുക്കു തടയാൻ നടപടികൾ അത്യാവശ്യമാണെന്നാണു സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
കോൺഗ്രസിൽ എന്തുചെയ്താലും ഒരു പ്രശ്നവുമില്ലെന്ന ചില നേതാക്കളുടെയും പ്രവർത്തകരുടെയും ധാരണയ്ക്കുള്ള താക്കീതുകൂടിയാണു പുതിയ ഡിസിസി പ്രസിഡന്റിന്റെ ത്വരിത നടപടികൾ. അച്ചടക്കത്തിന്റെ ഭാഗമായി ഇനിയും ചുട്ടപെടകൾ തുടരുമെന്നാണു കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
പാവറട്ടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തതിന്റെ പേരിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബ്ദുൽ സലാം (സലാം വെന്മനാട്), ഔദ്യോഗിക പാനലിനെതിരെ വിമതരായി മത്സരിക്കുന്ന എ.സി. വർഗീസ്, ഷിജു വിളക്കാട്ടുപാടം, അമ്പലപ്പാട് സർവീസ് സഹകരണ ബാങ്കിൽ കോൺഗ്രസ് ഔദ്യോഗിക പാനലിനെതിരെ വിമതരായി മത്സരിക്കുന്ന വറീത് ചിറ്റിലപ്പിള്ളി, ടി.ഡി. ഫ്രാൻസിസ് (സത്യൻ), സംഘടനയിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ബിജു ഇസ്മയിൽ എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.
ബിജു ഇസ്മയിലിനെതിരെയുള്ള സസ്പെൻഷൻ നടപടി പിന്നീടു പിൻവലിച്ചു. വടക്കാഞ്ചേരി മണ്ഡലത്തിലെ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള പി.എ. മാധവൻ, ഡോ. നിജി ജസ്റ്റിൻ എന്നിവരുടെകൂടി അഭിപ്രായം കണക്കിലെടുത്താണു സസ്പെൻഷൻ പിൻവലിച്ചത്.