തൃശൂര്; കെ. മുരളീധരന്റെ തോൽവിക്ക് പിന്നാലെ കോണ്ഗ്രസില് കടുത്തപോര്. മുന് എംപി ടി.എന്. പ്രതാപനും തൃശൂര് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരേ ഡിസിസി ഓഫീസ് മതിലില് പോസ്റ്റര്.
“ജോസ് വള്ളൂര് രാജിവെക്കുക’, “പ്രതാപന് ഇനി വാര്ഡില് പോലും സീറ്റില്ല’ എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില് പതിച്ചിട്ടുള്ളത്. പിന്നാലെ പോസ്റ്റര് നീക്കം ചെയ്തെങ്കിലും മുരളീധരന്റെ തോല്വിയോടെ തൃശൂര് കോണ്ഗ്രസിലുണ്ടായ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്.
തോല്വിയില് മുരളീധരന് നേതൃത്വത്തിനെതിരേ നേരത്തെ രംഗത്തെത്തിയിരുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിട്ടും നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്താന് നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. എല്ഡിഎഫ് സ്ഥാനാര്ഥി വി.എസ്. സുനില് കുമാറിനായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി.
എന്നാല് തനിക്ക് വേണ്ടി ആരും വന്നില്ല. വടകരയില് തന്നെ മത്സരിച്ചിരുന്നുവെങ്കില് താന് വിജയിക്കുമായിരുന്നുവെന്നും കുരുതിക്ക് നിന്ന് കൊടുക്കാന് പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനുപിന്നാലെയാണ് മുരളീധരന്റെ തോല്വിയില് പ്രതിഷേധിച്ച് പ്രതാപനും ജോസ് വള്ളൂരിനുമെതിരേ ഒരു വിഭാഗം രംഗത്തെത്തിയത്. സംഭവത്തില് പ്രതാപനും ജോസ് വള്ളൂരും ഇതുവരെ പ്രതികരിച്ചിട്ടില്ല.