തൃശൂർ: തൃശൂർ മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പുകഞ്ഞു കത്തുന്ന തൃശൂർ ഡിസിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒടുവിൽ കെ. മുരളീധരൻ എത്തുന്നു. ഇന്നലെ രാത്രി മുരളിയുടെ അടുത്ത അനുയായി സജീവൻ കുരിയച്ചിറയുടെ വീടിനുനേരേ ആക്രമണമുണ്ടായിരുന്നു. ഇതേത്തുടർന്നു കോഴിക്കോടുനിന്ന് മുരളീധരൻ, സജീവൻ കുരിയച്ചിറയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.
തൃശൂർ ലോക്സഭ മണ്ഡലത്തിൽ കെ. മുരളീധരനേറ്റ കനത്ത പരാജയത്തിന്റെ തുടർച്ചയായി തൃശൂർ കോണ്‍ഗ്രസിൽ പോസ്റ്ററൊട്ടിക്കലും കൂട്ടത്തല്ലും ഡിസിസി പ്രസിഡന്റിന്റെയും യുഡിഎഫ് ജില്ല ചെയർമാന്റെയും രാജിയും വീടാക്രമണവുമെല്ലാം നടന്നതോടെ ആകെ കലുഷിതമായ ജില്ലാ കോണ്‍ഗ്രസിനെ ശാന്തമാക്കാൻ മുരളി നേരിട്ട് ഇടപെടുമെന്നാണു വിവരം.
തന്റെ തോൽവിയുടെ പേരിൽ നടക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് നേരത്തെ തന്നെ മുരളി പറഞ്ഞിരുന്നു. എന്നാൽ കായികമായ ആക്രമണത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് മുരളി തന്നെ നേരിട്ട് പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കുന്നത്.ഇന്നലെ രാത്രിയിലാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയായ സജീവൻ കുരിയച്ചിറയുടെ വീട് ആക്രമിക്കപ്പെട്ടത്.
രാത്രി ഒന്‍പതോടെ രണ്ട് കാറുകളിലായി കുരിയച്ചിറയിലെ വീട്ടിലെത്തിയ അക്രമിസംഘം ജനൽ ചില്ലുകളും ചെടിച്ചട്ടിയും അടിച്ചു തകർക്കുകയായിരുന്നു. ശബ്ദം കേട്ട് വീടിനകത്ത് ഉണ്ടായിരുന്ന സഹോദരിയും അമ്മയും പുറത്തേക്ക് എത്തിയപ്പോഴേക്കും അക്രമികൾ കടന്നു കളഞ്ഞു.
ഭയപ്പാടിലായ കുടുംബം പിന്നീട് സജീവനെ വിവരം അറിയിക്കുകയായിരുന്നു. സജീവൻ അയ്യന്തോളിലെ വാടകവീട്ടിൽ താമസമാക്കിയതോടെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. ഉച്ചയ്ക്ക് വീട്ടിൽ ബൈക്കിലെത്തിയ സംഘം സജീവന്റെ വീടാണ് ഇതെന്ന് ഉറപ്പിച്ച് രാത്രി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.
വീടാക്രമണം സംബന്ധിച്ച് ഇതുവരെയും താൻ ഒല്ലൂർ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് കെപിസിസി, ഡിസിസി നേതൃത്വത്തെ അറിയിക്കുമെന്നും സജീവൻ കുരിയച്ചിറ പറഞ്ഞു. അതിനു ശേഷമെ പരാതി നൽകുന്ന കാര്യം തീരുമാനിക്കൂ. തന്റെ വീടാക്രമിച്ചതിനു പിന്നിലാരാണെന്ന് എല്ലാവർക്കുമറിയാമെന്നും സജീവൻ പറഞ്ഞു.അതേസമയം, വീടാക്രമിച്ച സംഭവത്തിൽ സ്വമേധയാ നടത്തുന്ന അന്വേഷണം ഉൗർജിതമാണെന്ന് ഒല്ലൂർ പോലീസ് പറഞ്ഞു.