തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്കുശേഷം തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്. കെ. മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുരിയച്ചിറയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലെത്തിയത്.
കെ. മുരളീധരന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി കൂടെയുണ്ടായിരുന്ന അനുയായിയാണ് സജീവൻ കുരിയച്ചിറ. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഓഫീസിലെത്തുമ്പോൾ സജീവൻ കുരിയച്ചിറയും വിയ്യൂരിലെ കോൺഗ്രസ് പ്രവർത്തകനായ സുരേഷും താഴത്തെ നിലയിൽ ഉണ്ടായിരുന്നു.
പോസ്റ്റർ ഒട്ടിച്ചത് എന്തിനെന്നു ഡിസിസി പ്രസിഡന്റ് ചോദിച്ചതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നും തടയാനെത്തിയ സജീവനെയും തള്ളിയിട്ടെന്നും സുരേഷ് പറഞ്ഞു.
പോസ്റ്റർ ഒട്ടിച്ചത് ആരെന്നു ഡിസിസി ഓഫീസിലെ കാമറകൾ നോക്കി കണ്ടെത്താൻ സുരേഷ് ആവശ്യപ്പെട്ടപ്പോൾ ഡിസിസി പ്രസിഡന്റും യൂത്ത് കോൺഗ്രസുകാരും മുകളിലെ നിലയിലേക്കു കയറിപ്പോയി.സജീവൻ കുരിയച്ചിറ താഴത്തെ നിലയിൽ കസേരയിട്ടിരുന്നു പ്രതിഷേധിച്ചു.
സംഭവമറിഞ്ഞ് ആറേകാലോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബിമോൻ തോമസും കെഎസ്യു ജില്ലാ ഭാരവാഹിയായിരുന്ന നിഖിൽ ജോണും മറ്റു യൂത്ത് കോൺഗ്രസ്, കെഎസ്യു ജില്ലാ ഭാരവാഹികളും ഡിസിസി ഓഫീസിലെത്തി.
ഇതോടെ മുകൾനിലയിൽനിന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സി. പ്രമോദ്, കെഎസ്യു സംസ്ഥാന സെക്രട്ടറി സി.വി. വിമൽ എന്നിവരുടെ നേതൃത്വത്തിൽ ഏതാനും പ്രവർത്തകർ താഴേക്കിറങ്ങി. കോണിപ്പടിയിൽവച്ച് ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയും വെല്ലുവിളി ഉയർത്തുകയുമായിരുന്നു. നേതാക്കൾ ഇടപെട്ടാണ് ഇരുകൂട്ടരെയും മാറ്റിനിർത്തിയത്.
സജീവൻ കുരിയച്ചിറ പിന്നെയും പ്രതിഷേധം തുടർന്നു. സംഘർഷാവസ്ഥ അറിഞ്ഞെത്തിയ പോലീസ് ഓഫീസിനു പുറത്തു കാവൽ നിന്നു. ഇതിനിടെ മറ്റു നേതാക്കളും ഓഫീസിലേക്ക് എത്തി. സജീവൻ കുരിയച്ചിറയെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതാണു ഡിസിസിയിൽ ചേരിപ്പോരിനു കളമൊരുക്കിയത്. ജില്ലയിലെ രണ്ടു ലോക്സഭാ മണ്ഡലമായ തൃശൂരിലും അതിരു പങ്കിടുന്ന ആലത്തൂരിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.