സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ ജില്ല ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ചോർന്ന് തീപിടിച്ചു. ഇന്നുച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് അപകടമുണ്ടായത്. തീപിടിച്ചതിനൊപ്പം ഉഗ്രശബ്ദവും ഉണ്ടായി. ശബ്ദം കേട്ട് ആശുപത്രിയിലുണ്ടായിരുന്നവർ സ്ഫോടനമാണെന്ന് കരുതി പേടിച്ചിറങ്ങിയോടി. അപകടത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഇല്ല. പ്രസവവാർഡിന് സമീപമാണ് സിലിണ്ടർ ചോർന്ന് തീപിടിച്ചത്. ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നാണ് എല്ലാവരും ആദ്യം കരുതിയത്.
ഫയർഫോഴ്സിലേക്ക് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന വിവരമാണ് വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് തൃശൂരിലെ അഗ്നിശമനസേന എത്തിയപ്പോഴാണ് ഓക്സിജൻ സിലിണ്ടർ പൊട്ടിയിട്ടില്ലെന്നും ലീക്കായിരിക്കുകയാണെന്ന് മനസിലായത്. സിലിണ്ടറിൽ നിന്ന് ഓക്സിജൻ ചോർന്നപ്പോൾ തീപിടിക്കാൻ സഹായിക്കുന്ന തരത്തിൽ എന്തെങ്കിലും സ്പാർക്ക് ഉണ്ടായിട്ടുണ്ടാകാമെന്നാണ് ഫയർഫോഴ്സ് അധികൃതരുടെ പ്രാഥമിക നിഗമനം. സിലിണ്ടറിന്റെ വാൽവിനാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീകെടുത്തി.
പുതുതായി കൊണ്ടുവന്ന സിലിണ്ടറുകൾ തുറക്കുന്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. തീപിടിച്ചതിനെ തുടർന്ന് ആശുപത്രിക്കകത്ത് പുക നിറഞ്ഞു. ഐസിയുവിലും മറ്റുമുണ്ടായിരുന്ന രോഗികളെ ഉടൻ പുറത്തേക്ക് മാറ്റി.
ഓക്സിജൻ സിലിണ്ടർ ആംബുലൻസിൽ വെച്ച് പൊട്ടിത്തെറിച്ച് ഇക്കഴിഞ്ഞ സെപ്തംബറിൽ ആലപ്പുഴയിൽ രോഗി മരിച്ച സംഭവമുണ്ടായിരുന്നു.
സംസ്ഥാനത്ത് ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഓക്സിജൻ സിലിണ്ടറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.