തൃശൂർ: പൂരം കലക്കയതിനു പിന്നിലാര് എന്ന ചോദ്യം തൃശൂരിൽ അലയടിക്കുന്പോൾ എഡിജിപിയും ആർഎസ്എസ്് നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങൾ വ്യക്തമാകുന്പോൾ തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിലെ ജയതോൽവികൾ വീണ്ടും ചർച്ചയാവുകയാണ്.
യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ കനത്ത തോൽവിക്ക് കാരണം ഇതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിക്കാൻ കോണ്‍ഗ്രസ് അരയും തലയും മുറുക്കിയിറങ്ങിക്കഴിഞ്ഞു. ബിജെപി എല്ലാം നിഷേധിച്ച് നിലകൊള്ളുന്പോൾ ഒന്നും വിട്ടുപറയാനാകാതെ കുഴങ്ങുകയാണ് സിപിഐ.കൂടിക്കാഴ്ച സത്യമെങ്കിൽ അതീവ ഗൗരവമെന്ന ഒഴുക്കൻ മറുപടിയാണ് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
എഡിജിപി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ വച്ചാണ് ആർഎസ്എസ് ദേശീയ നേതാവ് ദത്താത്രയ ഹൊസബൊളെയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വകാര്യ സന്ദർശനമായിരുന്നു ഇതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണമെങ്കിലും അത് വിശ്വസിക്കാൻ കോണ്‍ഗ്രസും സിപിഐയും തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് അത് തുറന്നുപറയുന്പോൾ പരിശോധിക്കട്ടെ എന്ന നിലപാടിലാണ് സിപിഐ.
ആർഎസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാന ഭാരതിയുടെ ദേശീയഭാരവാഹിയായ മലയാളി ജയകുമാറിനൊപ്പമാണ് ഒൗദ്യോഗിക വാഹനം ഒഴിവാക്കി ആർഎസ്എസ് നേതാവിന്റെ കാറിൽ എഡിജിപി അന്ന് പാറമേക്കാവ് വിദ്യാമന്ദിറിൽ എത്തിയതെന്നാണ് വിവരം. ഈ കൂടിക്കാഴ്ച സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഈ കൂടിക്കാഴ്ചയുടെ തൊട്ടടുത്ത ദിവസം തന്നെ ഉന്നതോദ്യഗസ്ഥർക്ക് കൈമാറിയിരുന്നു.
സംസ്ഥാന പോലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ഈ കൂടിക്കാഴ്ചയുടെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നുവെന്നാണ് വിവരം.തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ്ഗോപിയുടെ അപ്രതീക്ഷിതമായ ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷത്തിലുള്ള വിജയം കോണ്‍ഗ്രസിനും സിപിഐക്കും കനത്ത തിരിച്ചടിയായിരുന്നു.
സിപിഎം ബിജെപി ബാന്ധവം കോണ്‍ഗ്രസ് അന്നുതന്നെ പരസ്യമായി ആരോപിച്ചിരുന്നു. മേയറുടെ ചില പ്രസ്താവനകളെയാണ് സിപിഐ അന്ന് കുറ്റപ്പെടുത്തിയത്. സിപിഎമ്മിനെ പരസ്യമായി വിമർശിക്കാൻ അന്നും സിപിഐ ഒരുക്കമായിരുന്നില്ല.പൂരം വിവാദം രണ്ടാം സീസണിൽ ആളിക്കത്തുന്പോഴും സിപിഐ പോലീസിനെ വിമർശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിൽ സർക്കാരിനെതിരെ സിപിഐ കാര്യമായി പ്രതികരിച്ചിരുന്നില്ല.എന്നാൽ കൂടിക്കാഴ്ച എഡിജിപി സ്ഥിരീകരിച്ചതോടെ സിപിഐക്ക് ഈ വിഷയത്തിൽ കടുത്ത നിലപാട് എടുത്തില്ലെങ്കിലും രൂക്ഷ വിമർശനം ഉന്നയിക്കാതിരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
കേരള പോലീസിലെ ഉന്നതൻമാരിൽ പ്രമുഖനായ ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാവിനെ കണ്ടെന്ന് അറിഞ്ഞിട്ടും നടപടിയോ വിശദീകരണമോ തേടാത്ത ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഎമ്മിനെതിരെ സിപിഐക്ക് ശബ്ദമുയർത്തേണ്ട സ്ഥിതിയാണിപ്പോൾ വന്നു ചേർന്നിരിക്കുന്നത്. സ്വകാര്യ സന്ദർശനമെന്ന വിശദീകരണം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നിട്ടുണ്ടെങ്കിലും സിപിഐ ഇത് വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമാണ്.