തൃശൂർ: തൃശൂർ പൂരം അട്ടിമറിച്ച് സുരേഷ് ഗോപിക്കു വിജയമൊരുക്കിയതിനു പിന്നിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും രസഹ്യബന്ധമാണെന്ന ആരോപണം കടുപ്പിക്കുന്പോഴും കെ. മുരളീധരന്റെ തെരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച കെപിസിസി സമിതിയുടെ റിപ്പോർട്ട് പുറത്തുവിടാതെ കോണ്ഗ്രസ്. കെ.സി. ജോസഫ്, ടി. സിദ്ദിഖ് എംഎൽഎ, ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതിയാണ് തെളിവെടുപ്പു നടത്തിയത്.
മുരളീധരൻ മൂന്നാം സ്ഥാനത്തേക്കെത്തി ദയനീയമായി തോറ്റതാണ് സമിതിയുടെ രൂപീകരണത്തിന് ഇടയാക്കിയത്. ടി.എൻ. പ്രതാപൻ, അനിൽ അക്കര, ജോസ് വള്ളൂർ, എൻ.പി. വിൻസെന്റ് എന്നിവരടക്കമുള്ള നേതാക്കൾക്കെതിരേ സീനിയർ നേതാക്കളടക്കം മൊഴി നൽകിയെന്നാണു വിവരം.
മുരളീധരന്റെ തോൽവി ഡിസിസിയിലും വൻ കലാപത്തിനു വഴിമരുന്നിട്ടു. പരസ്യമായ ഏറ്റുമുട്ടലിനും ജില്ലാ കോണ്ഗ്രസ് ഓഫീസ് സാക്ഷിയായി. പിന്നാലെ ജോസ് വള്ളൂർ ജില്ലാ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു.
ആരോപണ വിധേയരായ നേതാക്കൾ ഏതാനുംനാൾ വിട്ടുനിന്നെങ്കിലും സമരണങ്ങളിലും മറ്റും വീണ്ടും സജീവമായി. ഇതിനെതിരേ ഏതാനും ബ്ലോക്ക് കോണ്ഗ്രസ് നേതാക്കൾ കെപിസിസി പ്രസിഡന്റിനു പരാതി അയച്ചെങ്കിലും നടപടിയായിട്ടില്ല.