തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനുണ്ടായ കനത്ത തോൽവിയും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ രമ്യാ ഹരിദാസിനുണ്ടായ പരാജയവും അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ കെ. മുരളീധരന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും.
റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികളെന്തെന്ന വിഷയമാകും ചർച്ച ചെയ്യുക. ഉപതെരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ കടുത്ത അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവായ അഭിപ്രായം.
രാഷ്്ട്രീയകാര്യ സമിതി അംഗമായ കെ.സി. ജോസഫ്, വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സമിതിയാണു റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ ആർക്കെതിരേയും നടപടിക്കു ശിപാർശയില്ലെന്നാണു വിവരം. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ നേതാക്കൾക്കെതിരായ നടപടി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണിത്.
തെരഞ്ഞെടുപ്പു തോൽവിയിൽ സംഘടനാവീഴ്ചയുണ്ടായെന്നാണു റിപ്പോർട്ടിൽ പറയുന്നത്. വോട്ട് ചേർക്കുന്നതിൽ വീഴചയുണ്ടായി. പോലീസ് ഇടപെടലിൽ പൂരം പ്രതിസന്ധിയുണ്ടായതു സുരേഷ് ഗോപിക്കു ഗുണം ചെയ്തു.
22ന് തിരുവനന്തപുരത്തു ചേരുന്ന യോഗത്തിൽ കെ. മുരളീധരനു പുറമേ കെ.സി. വേണുഗോപാൽ, കെ.സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരും പങ്കെടുക്കും. നടപടിയെടുത്താൻ അതു തിരിച്ചു കുത്തുമോയെന്ന ആശങ്കയുണ്ട്. നടപടിയില്ലെങ്കിൽ മുരളിയും കൂട്ടരും ഇടയുമെന്നതും മറ്റൊരു പ്രശ്നമാണ്.
ഇരു വിഭാഗത്തിനും പരാതിയില്ലാതെ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നതാണ് നേതാക്കൾക്കുമുന്പിലെ പ്രതിസന്ധി. മുരളിയെ അനുനയിപ്പിക്കാനുള്ള ശ്രമമായിരിക്കും പ്രധാനമായും ചർച്ചയിൽ ഉണ്ടാവുക. വരാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ചുമതല മുരളിക്കാണ് നൽകിയത്.
തെരഞ്ഞെടുപ്പു രംഗത്തുനിന്നു തൽക്കാലം മാറുന്നെന്നു പ്രഖ്യാപിച്ച മുരളിയെ സജീവമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. തൃശൂരിലെ തോൽവിക്കു പിന്നാലെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ചെയർമാൻ എം.പി. വിൻസെന്റും രാജിവച്ചു. ഇവർക്കു ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പ്രധാന ചുമതലകൾ നൽകി.
പിഴവുകൾ തിരുത്തി ചേലക്കര സീറ്റ് കോണ്ഗ്രസിനു നേടിക്കൊടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ജില്ലാ നേതാക്കൾ ഏറ്റെടുത്തു വിജയിപ്പിക്കണമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം.
ഷാഫി പറന്പിൽ എംപിയായ ഒഴിവിൽ നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും നേതൃത്വം വിലയിരുത്തുന്നു. മുരളികൂടി അമരക്കാരനായി എത്തുന്പോൾ മിന്നുംവിജയമാണ് കോണ്ഗ്രസ് ലക്ഷ്യമിടുന്നത്.