പ്രത്യേക ലേഖകൻ
തൃശൂർ: കോണ്ഗ്രസ് തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലേതുൾപ്പെടെ ലോക്സഭാ സ്ഥാനാർഥികളുടെ പട്ടിക കെപിസിസി തിങ്കളാഴ്ച തയാറാക്കും. യുഡിഎഫ് കണ്വീനർ ബെന്നി ബഹനാൻ, എഐസിസി വക്താവ് പി.സി. ചാക്കോ, തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സൻ എന്നിവരുടെ പേരുകളാണ് തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലേക്കു പരിഗണിക്കപ്പെടുന്നത്.
എല്ലാ ഡിസിസി പ്രസിഡന്റുമാരും പരിഗണിക്കാവുന്നവരുടെ പട്ടിക കെപിസിസിക്കു തിങ്കളാഴ്ച കൈമാറും. ഈ പട്ടികകൂടി പരിഗണിച്ചാണ് കെപിസിസി പട്ടിക തയാറാക്കുക. കെപിസിസിയുടെ പട്ടിക പരിശോധിച്ച് എഐസിസി പിന്നീട് സ്ഥാനാർഥിപ്രഖ്യാപനം നടത്തും. തൃശൂർ ജില്ലയിൽനിന്ന് നൽകുന്ന പട്ടികയിൽ തന്റെ പേരില്ലെന്നു ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ വ്യക്തമാക്കി.
പട്ടികയിലുള്ളവരുടെ പേരുകൾ തത്കാലം പുറത്തു പറയാനാവില്ലെന്നും പ്രതാപൻ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, ജോസ് വള്ളൂർ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് തുടങ്ങിയവരുടെ പേരുകളും തൃശൂർ മണ്ഡലത്തിലേക്കു കോണ്ഗ്രസ് പ്രവർത്തകർ നിർദേശിക്കുന്നുണ്ട്.
ചാലക്കുടി തിരിച്ചുപിടിക്കാൻ മണ്ഡലത്തിന്റെ തൃശൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് പിടിക്കാൻ സ്വാധീനമുള്ള സ്ഥാനാർഥി വേണമെന്ന നിലപാടാണ് കെപിസിസിക്കും എഐസിസിക്കും. ചാലക്കുടി മണ്ഡലത്തിനു കീഴിലുള്ള കൊടുങ്ങല്ലൂർ, കയ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളെല്ലാം എൽഡിഎഫ് വൻ ലീഡിലാണ്. തിരിച്ചുപിടിക്കാൻ കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലങ്ങളിലെ എംഎൽഎ ആയിരുന്ന പ്രതാപനെ സ്ഥാനാർഥിയാക്കാനാണ് ആലോചന.
പ്രതാപൻ ചാലക്കുടിയിൽ സ്ഥാനാർഥിയായാൽ തൃശൂരിൽ പി.സി. ചാക്കോ, ബെന്നി ബഹനാൻ, എം.പി. ജാക്സൻ, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കും. പ്രതാപൻ സ്ഥാനാർഥിത്വത്തിന് ഒരുങ്ങിത്തുടങ്ങി. ഇതിനായി ഡിസിസി പ്രസഡിന്റുസ്ഥാനം രാജിവയ്ക്കുകയാണെന്ന് കെപിസിസിയേയും എഐസിസിയേയും അറിയിച്ചുകഴിഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തോടെ പുതിയ ഡസിസി പ്രസിഡന്റിനെ നിയമിക്കും.
ഐ ഗ്രൂപ്പിന്റെ എം.പി. വിൻസെന്റിനെ ഡിസിസി പ്രസിഡന്റായി നിയമിക്കാനാണ് സാധ്യത. പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനു വേണമെന്ന് ഉമ്മൻചാണ്ടി ശക്തമായി വാദിച്ചാൽ മുൻ പ്രസിഡന്റ് പി.എ. മാധവനെ വീണ്ടും നിയോഗിച്ചേക്കും. എന്നാൽ കുറേക്കൂടി ചെറുപ്പക്കാരെ പരിഗണിക്കാനും സാധ്യതയുണ്ട്. ഐ ഗ്രൂപ്പിന് അവകാശപ്പെട്ട പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ തവണയാണ് ഐ ഗ്രൂപ്പിൽനിന്നു നഷ്ടമായത്. ഐ ഗ്രൂപ്പിനുതന്നെ പ്രസിഡന്റ് സ്ഥാനം വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശക്തമായി വാദിക്കും.