തൃശ്ശൂരില്‍ 15 വയസ്സുള്ള വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കഞ്ചാവ് കേസില്‍ പ്രതിയായ അച്ഛനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ വേണ്ടി അമ്മ മലപ്പുറത്ത് പോയപ്പോഴായിരുന്നു പിതാവിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്താണ് സംഭവം. പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.
സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
രണ്ടുമാസം മുമ്പായിരുന്നു സംഭവം. എന്നാല്‍ വീട്ടുകാരോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ലെന്നാണ് വിവരം.
തുടര്‍ന്ന് സ്കൂളില്‍ വെച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞത്.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറത്തെ ഒരു പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു.
അച്ഛനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ വേണ്ടി അമ്മ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പിതാവിന്റെ സുഹൃത്തുക്കളോട് പെണ്‍കുട്ടി ഒറ്റക്കാണെന്നും ഒന്ന് ശ്രദ്ധിക്കണമെന്നും വിളിച്ചു പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് അറസ്റ്റിലായ യുവാവും രണ്ടു സുഹൃത്തുക്കളും വീട്ടിലെത്തി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത് എന്നാണ് വിവരം.
സംഭവം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും എല്ലാം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വടക്കേക്കാട് പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ സുഹൃത്തുക്കളായ മൂന്നു പേരെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. ഇതില്‍ ഒരാളെയാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട പരിചയവും സൗഹൃദവുമാണ് ഈ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
നാല് ദിവസം മുമ്പായിരുന്നു പോലീസില്‍ പരാതി ലഭിക്കുന്നത്. 13ാം തീയതിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്നത്.