കൊരട്ടി: ചിറങ്ങര ഭഗവതി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയവരുടെ മൊബൈൽ ഫോണുകളും പണമടങ്ങിയ പഴ്സും മോഷണം പോയ സംഭവത്തിലെ പ്രതിയെ പിടികൂടി. പാലാ കൂടപ്പുലം സ്വദേശി പുള്ളോളിൽ വീട്ടിൽ പ്രശാന്തിന്റെ മകൻ വിഷ്ണു എന്ന ‘കില്ലർ വിഷ്ണു’വാണ് പിടിയിലായത്. ഒട്ടേറെ കേസുകളിൽ പ്രതിയാണിയാൾ.
കഴിഞ്ഞദിവസം മലയാറ്റൂർ തീർഥാടനം കഴിഞ്ഞെത്തിയ തൃശൂർ ചേർപ്പ് സ്വദേശികളായ 11 പേരടങ്ങിയ സംഘം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയിരുന്നു. മൊബൈൽ ഫോണുകളും പഴ്സും വസ്ത്രങ്ങളോടൊപ്പം പൊതിഞ്ഞ് പടവിൽ വച്ചിട്ടാണ് കുളിക്കാനിറങ്ങിയത്. കുളി കഴിഞ്ഞെത്തിയപ്പോൾ ഇവ കാണാതായതിനെതുടർന്ന് കൊരട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.
എസ്ഐമാരായ ബി.ബിനോയിയുടെയും ബി. രാമുവിന്റെയും നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തുള്ള വ്യാപാരസ്ഥാപനത്തിലെയും പെട്രോൾ പന്പുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. തുടർന്നാണ് ഡിവൈഎസ്പി കെ. ലാൽജി അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചത്.
മോഷണം പോയ മൊബൈലുകളുടെ സിം നന്പറുകളും ഐഎംഇഐ നന്പറുകളും ശേഖരിച്ച അന്വേഷണസംഘം നൂതന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ സ്വിച്ച് ഓഫായ ഫോണുകൾ അങ്കമാലി ഭാഗത്തേക്കു നീങ്ങിയതായി കണ്ടെത്തി.
ഈ മൊബൈൽ നന്പറുകളിലേക്കു ഡെലിവറി റിപ്പോർട്ട് ഓപ്ഷനോടുകൂടി സന്ദേശം അയച്ചതിനെതുടർന്ന് കറുകുറ്റി പരിസരത്താണ് ഫോണ് ഉള്ളതെന്നു മനസിലാക്കി. തുടർന്ന് അവിടെയെത്തിയ അന്വേഷണസംഘം ദേശിയപാതയോരം കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തിവരവേ ബാർ ഹോട്ടൽ പരിസരത്തു സംശയകരമായ സാഹചര്യത്തിൽ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു.
ബൈക്കിലിരിക്കുകയായിരുന്ന വിഷ്ണു ചോദ്യം ചെയ്യുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. സംസാരത്തിൽ അസ്വാഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് പാന്റ്സിനുള്ളിൽ ധരിച്ചിരുന്ന ബർമുഡയുടെ പോക്കറ്റിനുള്ളിൽനിന്നു ഫോണ് കണ്ടെടുത്തത്. തുടർന്ന് കൊരട്ടിയിലെത്തിച്ച വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ഉപയോഗിക്കുന്ന ബൈക്കും മോഷ്ടിച്ചതാണെന്നു സമ്മതിച്ചത്.
എറണാകുളത്ത് കന്പ്യൂട്ടർ കോഴ്സ് പഠിക്കുന്ന പെരിന്തൽമണ്ണ സ്വദേശിയായ യുവാവിന്റേതായിരുന്നു പുതിയ ബജാജ് പൾസർ ബൈക്ക്. യുവാവ് താമസിച്ചിരുന്ന ഫ്ളാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരുന്ന ബൈക്കായിരുന്നു ഇത്. ഇതു സംബന്ധിച്ച് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.
കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്നു ചോദ്യം ചെയ്യലിൽ കണ്ടെത്തി. വിഷ്ണു കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും തൃശൂരിലെ ഇയാളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്നും വിശദമായി പോലീസ് സംഘം അന്വേഷിച്ചുവരികയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
ഇരുപത്തിനാലു വയസിനുള്ളിൽ ഇരുപതിനുമേൽ ക്രിമിനൽ കേസ്
കൊരട്ടി: ഒൻപതാം ക്ലാസിൽ പഠനം നിർത്തിയ വിഷ്ണു പതിനാറാം വയസിലാണ് ആദ്യത്തെ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്. പാലാ രാമപുരം സ്വദേശിയുടെ പുത്തൻ ആക്ടിവ സ്കൂട്ടർ മോഷ്ടിച്ചു.
അതിനടുത്ത വർഷം പുതുതലമുറ ബൈക്ക് അമിത വേഗത്തിലോടിച്ച് മറ്റൊരു ബൈക്കിലിടിച്ചതിനെതുടർന്ന് യാത്രികനു ഗുരുതരമായി പരിക്കേറ്റതായിരുന്നു മറ്റൊരു കേസ്. തുടർന്ന് ബംഗളൂരുവിലേക്കു കടന്നതോടെ ലഹരിമരുന്നു മേഖലയിലായി പ്രവർത്തനം.
ബംഗളൂരു കമ്മനഹള്ളിയിൽ നൂറ്റിഇരുപതോളം ആംപ്യൂളുകളുമായി പിടിയിലായതോടെ കർണാടക ജയിലിലേക്ക്. തുടർന്നു നാട്ടിൽ തിരിച്ചെത്തി സുഹൃത്തിനൊപ്പം ചേർന്ന് കഞ്ചാവുകച്ചവടമടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനം. ഇതിനിടയിൽ പാലാ, രാമപുരം, കുറവിലങ്ങാട്, കിടങ്ങൂർ, മുളന്തുരുത്തി, കടുത്തുരുത്തി, തന്പാനൂർ സ്റ്റേഷനുകളിലായി ചുരുങ്ങിയ വർഷത്തിനുള്ളിൽ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായി. മരങ്ങാട്ടുപിള്ളി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് മൃതപ്രായനാക്കിയെന്ന കേസിൽ പ്രതിയായതോടെ അവിടെ നിന്നും മുങ്ങി.