ഗുരുവായൂർ: ഏകാദശി ആഘോഷങ്ങളുടെ ലഹരിയിലാറാടി നിൽക്കുന്നഗുരുപവനപുരിയിലെ ഗുരുവായൂർ സർവകലാശാലയിൽ കൗമാരകലയുടെ ഉത്സവം തുടങ്ങി. തൃശൂർ റവന്യൂജില്ല കലോത്സവം ഗുരുവായൂരിലെ വിവിധ വേദികളിലായി തുടങ്ങി.ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സാന്പിളാണ് ഗുരുപവനപുരിയിൽ കൊടിയേറിയിരിക്കുന്നത്.
സ്റ്റേജിതര ഇനങ്ങളും സ്റ്റേജിനങ്ങളുമായി ആദ്യ ദിനം 28 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.19 മുതൽ 22 വരെയാണ് കലോത്സവം. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മൊത്തം 275 ഓളം ഇനങ്ങളുണ്ട്. സംസ്കൃതംഅറബി കലോത്സവങ്ങൾ ഉൾപ്പെടുത്തിയാണിത്. യു.പി.1325, ഹൈസ്കൂൾ 2450, ഹയർ സെക്കൻഡറി 2350 എന്നിങ്ങനെ 6125 കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. ഇതോടൊപ്പം അപ്പീലിലൂടെ വരുന്നവരും കൂടിയാകുന്പോൾ 6500 ലേറെ പേർ മത്സരിക്കാനുണ്ടാകും.
12 ഉപജില്ലകളിൽ നിന്നുള്ള കുട്ടികളാണ് ഉണ്ടാകുക. അപ്പീലുകൾ ഇപ്പോൾത്തന്നെ ധാരാളമായി എത്തിക്കഴിഞ്ഞു.ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ, ചാവക്കാട് ഗവ.ഹൈസ്കൂൾ, ഗുരുവായൂർ ജി.യു.പി, മമ്മിയൂർ എൽ.എഫ് ഗേൾസ് ഹയർ സെക്കണ്ടറി, മമ്മിയൂർ എൽ.എഫ് കോണ്വെന്റ് യു.പി സ്കൂൾ, മുതുവട്ടൂർ ശിക്ഷക് സദൻ എന്നിവിടങ്ങളിലാണ് കലോത്സവം നടക്കുന്നത്.
ഇന്നു രാവിലെ ഒന്പതു മുതൽ ശ്രീകൃഷ്ണ സ്കൂളിൽ സ്റ്റേജിതര ഇനങ്ങൾ കൂടാതെ ഭരതനാട്യം, നാടകം, മോഹിനിയാട്ടം, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് പ്രസംഗം എന്നിവയിൽ മത്സരം തുടങ്ങി. സംഘനൃത്തം, വൃന്ദവാദ്യം എന്നിവ മമ്മിയൂർ എൽ.എഫ് ഗേൾസ് സ്കൂളിൽ നടക്കും.
കഥകളി, കഥകളി സംഗീതം, ബാൻഡ് മേളം എന്നിവ ചാവക്കാട് ഗവ.ഹൈസ്കൂളിലും നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത് എന്നിവ ഗുരുവായൂർ ജി.യു.പി സ്കൂളിലുമാണ്. ക്ലാരനറ്റ്,വയലിൻ മുതുവട്ടൂർ ശിക്ഷക് സദനിലും നടക്കും.
സംസ്കൃതോത്സവം മമ്മിയൂർ എൽ.എഫ്.യു.പിയിലും അറബി കലോത്സവം ചാവക്കാട് ഗവ.ഹൈസ്കൂളിലുമാണ്.