തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡിലെ സ്റ്റാൾ ലേലം ആരോരുമറിയാതെ നടത്താനുള്ള നടപടികൾ അവസാനഘട്ടത്തിൽ. സ്റ്റാൻഡിലെ മൂന്നാം നന്പർ സ്റ്റാളിന്റെ ലേലമാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെതുടർന്ന് രഹസ്യമായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ചുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയെങ്കിലും ആരും ഇതറിഞ്ഞിട്ടില്ല. പുറത്താരെയും അറിയിക്കാതെ ലേലം നടത്തണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അതേപടി അനുസരിക്കേണ്ട ഗതികേടാണ് തൃശൂരിലെ ഉദ്യോഗസ്ഥർക്ക്.
സ്റ്റാൾ ലേലത്തിലെ വൻ അഴിമതിയാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.സ്റ്റാൾ നന്പർ മൂന്ന് ഒരു വർഷ കാലയളവിലേക്കു നൽകുന്നതിനു ടെൻഡർ കം ലേലവ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നതായുള്ള നോട്ടീസ് ഇതുവരെയും സ്റ്റാൻഡിലെ നോട്ടീസ് ബോർഡിൽ പതിച്ചിട്ടില്ല.
കെഎസ്ആർടിസി ജീവനക്കാർക്കുപോലും ഇതറിയില്ല. ലേലം നടത്തണമെങ്കിൽ നോട്ടീസ് പരസ്യപ്പെടുത്തി എല്ലാവർക്കും പങ്കെടുക്കാൻ അവസരം ഉണ്ടാക്കണമെന്നാണ് നിയമം. ഇതൊന്നും പാലിക്കാതെയാണ് സ്റ്റാൾ ലേലം ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ 15ന് ഇതുസംബന്ധിച്ച നോട്ടീസ് അടിച്ചിട്ടുണ്ട്. നാളെയാണ് ടെൻഡർ ഫോം വിൽക്കുന്ന അവസാന തീയതി. മുദ്രവച്ച ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി 28നാണ്. 29നാണ് ലേലം.
ഇതിനെല്ലാം പുറമേ തൃശൂർ സ്റ്റാൻഡിലെ മൂന്നാം നന്പർ സ്റ്റാൾ ഏതാണെന്ന് ഇവിടെയെത്തുന്ന ആർക്കും അറിയില്ല. സ്റ്റാളിനു നന്പറിടണമെന്നു വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ഇവിടെ ബാധകമല്ല. ടെൻഡറിൽ കൂടുതൽ പേർ പങ്കെടുത്താൽ ലേലത്തുക കൂടുമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് അറിയാമെങ്കിലും രഹസ്യമായ നീക്കങ്ങളിലൂടെ കുറഞ്ഞ തുകയ്ക്കു വേണ്ടപ്പെട്ടവർക്ക് നൽകാനാണ് ശ്രമമെന്നു പറയുന്നു.
ശന്പളത്തിനുപോലും ബുദ്ധിമുട്ടുന്ന കെഎസ്ആർടിസിയിൽ ഉന്നത ഉദ്യോഗസ്ഥർതന്നെ കൂടുതൽ വരുമാനം കിട്ടേണ്ടത് ഇല്ലാതാക്കുന്നതിനെതിരെ ജോലിക്കാർക്കിടയിൽ വ്യാപകമായ പ്രതിഷേധം ഉയരുമെന്നതിൽ സംശയമില്ല.