ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: കാലങ്ങളായി പണിതീരാത്ത വീടിന്റെ ഉമ്മറത്തുനിന്നു കണ്ണീർ പൊഴിക്കുകയാണ് ഷേക്സ്പിയറും എലിയറ്റും ഷെല്ലിയും! കൂടെ നമ്മുടെ ബഷീറും ആശാനും ഉള്ളൂരും എന്നു വേണ്ട, എഴുത്തുപുരയിലെ കാരണവന്മാരടക്കം പുതുതലമുറ മഹാരഥന്മാരെല്ലാരും.
സർക്കാരിന്റെ ഫണ്ടുംകാത്ത് മഴയും വെയിലും കൊണ്ട് അസ്ഥിപഞ്ജരം കണക്കേ കിടക്കുകയാണ് അവർക്കായുള്ള വീട്.
ചെന്പൂക്കാവിൽ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് കോന്പൗണ്ടിനുള്ളിലെ പാതിയിൽ നിർമാണം നിലച്ച തൃശൂർ പബ്ലിക് ലൈബ്രറി കെട്ടിടമാണ് സർക്കാരിന്റെ കനിവുകാത്ത് കിടക്കുന്നത്.
ആദ്യ പിണറായി സർക്കാരിനും മുന്പേ, തൃശൂരിൽ തേറന്പിൽ രാമകൃഷ്ണൻ എംഎൽഎയുടെ കാലത്ത് 2015ലാണ് കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നത്.
അതിനുംമുന്പേ ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് കെട്ടിടം പണിയാൻ എംഎൽഎ ഫണ്ടിൽനിന്ന് 1.60 കോടി രൂപയും സ്ഥലവും അനുവദിച്ചത്.
17,630 സ്ക്വയർഫീറ്റിൽ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടുകൂടി മൂന്നുനില കെട്ടിടമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ രണ്ടുനിലവരെ കോൺക്രീറ്റ് ബീമുകൾ പണിതു കഴിഞ്ഞപ്പോഴേ ഫണ്ടു തീർന്നു.
പിന്നീട് മൂന്നുവർഷം അസ്ഥികൂടം മാത്രമായി ഒരേ കിടപ്പാണ്. ഭാഗ്യത്തിനു സാമൂഹ്യവിരുദ്ധശല്യം തീരെ ബാധിച്ചിട്ടില്ല.
ഇപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപ കെട്ടിട നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. എന്നാൽ നിർമാണ കരാറിനുള്ള ടെൻഡർ നടപടികൾ തുടങ്ങിയിട്ടുപോലുമില്ല.
ആരെങ്കിലും കരാർ ഏറ്റെടുത്താൽ ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്ന് പിഡബ്ല്യൂഡി അസിസ്റ്റന്റ് എൻജിനീയർ മഞ്ജുഷ അജിത്ത് പറഞ്ഞു.
കെട്ടിടം പൂർത്തിയായാൽതന്നെ ഇന്റീരിയർ സജ്ജീകരണങ്ങൾക്കു വേറെയും തുക കണ്ടെത്തേണ്ടിവരും. എല്ലാം കഴിഞ്ഞു വീടിന്റെ പാലുകാച്ചൽ കഴിയുന്നതുവരെ ഉള്ളൂരും വള്ളത്തോളുമെല്ലാം പൊരിവെയിലും പേമാരിയും കൊണ്ട് ഉമ്മറത്തുതന്നെ നിൽക്കേണ്ടിവരുമെന്നു മാത്രം.
അപ്പോഴേക്കും വർഷമെത്രയാകുമെന്നു കണ്ടറിയണം. നിലവിൽ ടൗൺ ഹാൾ കെട്ടിടത്തിലാണ് തൃശൂർ പബ്ലിക് ലൈബ്രറി പ്രവർത്തിക്കുന്നത്. ഇവിടെ അസൗകര്യം അനുഭവപ്പെട്ടതിനെതുടർന്നാണ് പുതിയെ കെട്ടിടം പണിയാൻ തീരുമാനിച്ചത്.
മുന്നറിയിപ്പ്: പത്രവാർത്ത കണ്ട് സാമൂഹ്യവിരുദ്ധരാരും കുപ്പിയും വെള്ളവുമായി ഇവിടേക്കു വരരുത്. ഇൗ കോന്പൗണ്ട് കാത്തുസൂക്ഷിക്കാൻ സദാസമയവും വാച്ച്മാൻ ഉണ്ട്.