സ്വന്തം ലേഖകൻ
തൃശൂർ: ബക്രീദ് ആഘോഷിക്കാൻ വിപണികളിൽ തിരക്ക്. വസ്ത്രശാലകളിലും ഗൃഹോപകരണശാലകളിലുമെല്ലാം ആളുകൾ എത്തി.കോവിഡ് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ഡൗണിനു മൂന്നു ദിവസത്തേക്ക് ഇളവു നൽകിയിരിക്കേയാണ് നേരിയതോതിലെങ്കിലും വിപണികൾ ഉണർന്നത്.
ഇളവുകളനുസരിച്ച് ഇന്നും വസ്ത്രശാലകളും ജ്വല്ലറികളും അടക്കമുള്ളവ തുറക്കും. തിരക്കു നിയന്ത്രിച്ചു വ്യാപാരം നടത്താൻ വസ്ത്രശാലകളിൽ പ്രത്യേക ക്രമീകരണംതന്നെ ഏർപ്പെടുത്തിയിരുന്നു.
പെരുന്നാൾ ആഘോഷത്തിനു ഭക്ഷ്യവിഭവങ്ങൾ വാങ്ങാനാണ് ചെറിയതോതിലെങ്കിലും തിരക്കുണ്ടായത്. പഴം മാർക്കറ്റുകളിലാണു പ്രധാന തിരക്ക്. ഇറച്ചിക്കോഴിയും മട്ടനും മറ്റും വാങ്ങാൻ തിരക്കു കുറവാണ്.
ചിക്കൻ ബിരിയാണിയും ചിക്കൻ ഫ്രൈയുമെല്ലാം തയാറാക്കാനുള്ള ഇറച്ചിക്കോഴിക്കു തീപിടിച്ച വിലയാണ്. കിലോയ്ക്കു 158 രൂപയാണു വില.
പെരുന്നാളിനു മത്സ്യ ഇനങ്ങൾക്കു വലിയ ഡിമാൻഡില്ല. പച്ചക്കറി, മത്സ്യ ഇനങ്ങൾക്കു കാര്യമായ വിലവർധനയുമില്ല. ചെമ്മീനു ചാകരയാണ്. കിലോയ്ക്ക് 250 രൂപയേയുള്ളൂ.
ആവോലിക്കും കരിമീനും നാനൂറു രൂപ. കൊഴുവയ്ക്ക് നൂറു രൂപ. വാളയ്ക്ക് 200 മുതൽ 240 വരെ. മത്തിക്കു 150 രൂപ നൽകണം. ഫിലോപ്പിക്കു 180 രൂപ.
മഴക്കാലമായതോടെ സവാളയ്ക്കു വില വർധിച്ചുതുടങ്ങി. കിലോയ്ക്ക് 35 രൂപ. പയറിനും ബീൻസിനും മുരിങ്ങയ്ക്കും കാബേജിനും പച്ചമുളകിനും 30 രൂപ.
നേന്ത്രക്കായക്ക് 35 രൂപ. കിഴങ്ങിനു 40. തക്കാളിക്ക് 20- 25 രൂപ. ഇഞ്ചിക്ക് 60 രൂപ. പൈനാപ്പിളിനും കപ്പയ്ക്കും 20 രൂപ മാത്രമേയുള്ളൂ.