സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം നടന്ന അടിപിടിയിൽ കന്പിവടികൊണ്ട് തലയ്ക്കടിയേറ്റ് വൃദ്ധൻ മരിച്ച സംഭവത്തിലെ പ്രതിയുടെ അറസ്റ്റ് ഇന്നു വൈകീട്ടോടെ രേഖപ്പെടുത്തും. പുതൂർക്കര സ്വദേശി ബാലൻ(60) ആണ് മരിച്ചത്. മെഡിക്കൽ കോളജിലെ പുതിയ ട്രോമ കെയർ കെട്ടിടത്തിന്റെ കോണ്ട്രാകറുടെ കാവൽക്കാരനും ലോട്ടറി വിൽപന നടത്തുകയും ചെയ്യുന്നയാളാണ് പ്രതി.
ഇയാളെ ഇന്നലെ തന്നെ പിടികൂടിയിരുന്നു. കൊലചെയ്യാൻ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. ഇന്നലെ രാത്രി 7.30ന് ട്രോമ കെയർ കെട്ടിടത്തിന്റെ പിൻവശത്ത പാർക്കിംഗ് സ്ഥലത്ത് വെച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും പ്രതി ഇരുന്പ് കന്പി കൊണ്ട് ബാലന്റ തലയ്ക്കടിക്കുകയുമായിരുന്നുവത്രേ.
നിലവിളി കേട്ട് ഓടിയെത്തിയ ആളുകൾ ഇയാളെ ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ബാലന്റെ ഭാര്യ മരിച്ചതിനെ തുടർന്ന് ബാലൻ നാട്ടിൽ പോകാതെ ആശുപത്രിയിലും ചുറ്റുവട്ടത്തുമായി സഹായി ആയും ആക്രി പെറുക്കിയും കഴിയുകയായിരുന്നു. ആശുപത്രി കോന്പൗണ്ടും പരിസരവും വൃത്തിയാക്കിയും തെരുവുനായ്ക്കളെ ഓടിച്ചും കാന്പസിൽ തന്നെ കഴിയുകയായിരുന്നു ബാലൻ.
മെഡിക്കൽ കോളജ് പോലിസ് എസ്ഐ അരുണ്‍ ഷായുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മദ്യപിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് സൂചന. ബാലന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.