
മുളങ്കുന്നത്തുകാവ്: കേന്ദ്ര സർക്കാരിന്റെ പ്രസവ മുറി നവികരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ലക്ഷ്യ പദ്ധതി അധികൃതരുടെ ലക്ഷ്യമില്ലായ്മ മൂലം ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് നഷ്ടപ്പെടാൻ സാധ്യത.
കേരളത്തിൽ രണ്ട് മെഡിക്കൽ കോളജുകളിൽ ആണ് പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചത്. ആദ്യ സഹായമായി 10 ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങളായിട്ടും ഒന്നും നടത്തിയിട്ടില്ല. പ്രസവത്തിൽ ഉണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കാനും ഹൈ റിസ്ക് ഗർഭിണികളെ ശുശ്രൂഷിക്കാനും വേണ്ടിയാണ് അത്യാധുനിക സജ്ജീകരണങ്ങളോടുള്ള കേന്ദ്ര സർക്കാർ പദ്ധതി അനുവദിച്ചത്.
എന്നാൽ നടത്തിപ്പിന് ആവശ്യമായ ഏകോപനം ഇല്ലായ്മയാണ് പദ്ധതി നീളാൻ കാരണം. കുട്ടികളുടെ വിഭാഗവും, ഗൈനക്കോളജി വിഭാഗവും തമ്മിലുള്ള ഏകോപനത്തിന് തടസം നിൽക്കുന്നത് അധികൃതരുടെ മെല്ലെപോക്ക് നയമാണ്.
50 ലക്ഷം രൂപ ചിലവഴിച്ച് 55 ബെഡ്ഡുകളുള്ള അത്യാധുനിക നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം പ്രസവ മുറിയുടെ അടുത്തായി നിർമാണം പൂർത്തികരിച്ചിട്ടുണ്ട്. ആറുമാസം കഴിഞ്ഞു ഇതിന്റെ നിർമാണം പൂർത്തിയായിട്ട്.
മാർച്ച് അവസാനത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ ഫണ്ട് ലാപ്സാകും. ദിവസേന പത്തും അതിൽ കൂടുതലും പ്രസവങ്ങളാണ് ഇവിടെ നടക്കുന്നത്. മാത്രമല്ല നിലവിലുള്ള നവജാതശിശുക്കളുടെ തീവ്ര പരിചരണ വിഭാഗം വാർഡിൽ കഴിയുന്ന കുട്ടികൾ അണുബാധ ഭീഷണിയിലാണ്.
ഇവിടേയ്ക്കുള്ള സന്ദർശകരുടെ അനിയന്ത്രിതമായ വരവാണ് ഇതിനു കാരണം. മാത്രമല്ല പ്രസവിച്ച് കിടക്കുന്ന സത്രീകൾക്കും ഇതു മൂലം സ്വകാര്യത നഷ്ടപ്പെടുന്നുണ്ട്.
പല നവജാത ശിശുക്കളും പ്രസവ മുറിയിൽ കിടക്കുന്ന അമ്മയുടെ പരിപാലനം ലഭിക്കാതെ പ്രസവമുറിയക്ക് പുറത്ത് വരാന്തയിൽ കാറ്റ് പോലും കിട്ടാതെ കിടക്കുന്ന കാഴ്ച ഇവിടെ പതിവാണ്. ഇതിനൊക്കെ പരിഹാരമാകുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം നഷ്ടമാകുന്നത്.