സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: സ്വതവേ ദുർബല പോരെങ്കിൽ….എന്നു പറയുന്ന പോലെ…അല്ലെങ്കിലേ തിരക്ക് അതിന്റെയിടയില് രണ്ട് കൗണ്ടറുകളും എന്ന അവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ശ്വാസം മുട്ടുന്നു.
അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രധാന പ്രവേശ കവാടത്തിന്റെ ഇരുവശത്തുമായി രണ്ടു പുതിയ കൗണ്ടറുകൾ സ്ഥാപിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്ക് കടക്കുക എന്നത് വലിയൊരു പണിയായിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിന്റെ ഫാർമസിയും ഒപി ടിക്കറ്റിന്റെയും അഡ്മിഷൻ പൈസ അടക്കുന്നതിന്റെയും കൗണ്ടറുകളുമാണ് വഴിമുടക്കികളായിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും ഈ കൗണ്ടറുകൾ അത്യാഹിതവിഭാഗത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നവയായി. ഈ പുതിയ പരിഷ്കാരം ആവശ്യമില്ലാതെ പണം പാഴാക്കിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പുതിയ കൗ്ണ്ടറുകൾ വന്നതോടെ അത്യാഹിത വിഭാഗത്തിനു മുന്നിൽ തിരക്ക് കൂടി.
ഈ തിരക്കിനിടയിലൂടെ വേണം അപകടത്തിൽ പെട്ട രോഗികളടക്കമുള്ളവർക്ക് ഉള്ളിലേക്ക് എത്താൻ. രണ്ടു കൗണ്ടറുകളുടേയും ക്യൂവിൽ നിൽക്കുന്നവരെ മാറ്റിനിർത്തിയോ അവരെ തട്ടിമുട്ടിയോ വേണം അത്യാഹിത വിഭാഗത്തിലേക്ക് കടക്കാൻ. തർക്കങ്ങളും പതിവായിട്ടുണ്ട് ഇവിടെ.
പലപ്പോഴും അഡ്മിഷൻ കൗണ്ടറിലിരിക്കുന്നവർക്ക് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നതൊന്നും കേൾക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. അത്യാഹിത വിഭാഗത്തിലെ തിക്കും തിരക്കും സൈറണ് മുഴക്കിയെത്തുന്ന ആംബുലൻസുകളുടേയും മറ്റു വാഹനങ്ങളുടേയും ശബ്ദവും കാരണം രോഗിയുടെ പേരും വയസുമെല്ലാം തെറ്റി രേഖപ്പടുത്തുന്നതായും ആക്ഷേപമുണ്ട്.
ഇതിന്റെ പേരിലും തർക്കങ്ങളുണ്ടാവുന്നുണ്ട്. പരിഷ്കാരങ്ങൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരീക്ഷണമാകുന്ന സ്ഥിതിയാണിപ്പോൾ.