സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിയിലുള്ളവർക്കു സജ്ജമാക്കിയിരുന്ന ക്വാറന്റൈൻ സംവിധാനങ്ങൾ നിർത്തലാക്കിയതോടെ കോവിഡ് ഡ്യൂട്ടി കഴിഞ്ഞു പോകാനിടമില്ലാതെ നഴ്സുമാരടക്കമുള്ള ജീവനക്കാർ വലയുന്നു. സർക്കാർ ഉത്തരവ് പ്രകാരമാണ് ഇവർക്ക് ആശുപത്രിയോടനുബന്ധിച്ച് ഒരുക്കിയിരുന്ന ക്വാറന്റൈൻ സംവിധാനം നിർത്തലാക്കിയത്.
ഡ്യൂട്ടി കഴിഞ്ഞാൽ തൃശൂർ മെഡിക്കൽ കോളജിലെ മെൻസ് ഹോസ്റ്റലിലും ലേഡീസ് ഹോസ്റ്റലിലും പാരാമെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലുമാണ് ഇവർക്കുള്ള ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരുന്നത്. ഡ്യൂട്ടി കഴിഞ്ഞാൽ വീട്ടിലേക്കു പോകാതെ ഈ ഹോസ്റ്റലുകളിൽ കഴിയാൻ സൗകര്യമുണ്ടായിരുന്നു.
ഏഴു ദിവസത്തെ ഡ്യൂട്ടിക്കു ശേഷമുള്ള ക്വാറന്റൈൻ കാലഘട്ടത്തിലെ താമസവും ഈ ഹോസ്റ്റലുകളിൽ ചെയ്യാമായിരുന്നു. എന്നാൽ അതു സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർത്തലാക്കിയതോടെ നഴ്സുമാർക്കും മറ്റു ജീവനക്കാർക്കും കോവിഡ് വാർഡിൽ നിന്ന് നേരെ വീടുകളിലേക്കു പോകേണ്ട സ്ഥിതിയാണ്.
ദിവസേന ഡ്യൂട്ടി അവസാനിച്ചാൽ നേരെ വീടുകളിലേക്ക് പോകുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നതായി നഴ്സുമാരും മറ്റു ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ പ്രായമായവരും ആൻജിയോപ്ലാസ്റ്റിയടക്കമുള്ളവ കഴിഞ്ഞവരും കൊച്ചുകുട്ടികളുമെല്ലാം ഉള്ള കുടുംബങ്ങളാണ് മിക്കവർക്കും.
മിക്കവരുടേയും വീടുകൾ വളരെ ചെറുതാണ്. ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള ഈ വീടുകളിൽ ഹോം ക്വാറന്റൈൻ സാധ്യമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ സൗകര്യമുള്ളവർ മാത്രം വീടുകളിലേക്ക് പോയാൽ മതിയെന്നും ബാക്കിയുള്ളവർ പാരമെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിൽ താമസിക്കുന്നതിൽ പ്രശ്നമില്ലെന്നും പറഞ്ഞിരുന്നുവെങ്കിലും അത് നടപ്പായില്ല.
കോവിഡ് വാർഡിൽ നിന്നും നേരെ വീടുകളിലേക്കു നഴ്സുമാർ എത്തിയപ്പോൾ നാട്ടുകാരിൽ ചിലർ ഇടപെടുകയും പോസിറ്റീവ് കേസുകളുമായി സന്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ കഴിയാതെ വീടുകളിൽ വന്നു താമസിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് നഴ്സുമാരെ തിരികെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പറഞ്ഞുവിടുകയും ചെയ്ത സംഭവമുണ്ടായി.
പലയിടത്തും നാട്ടുകാർ ഇവരുടെ വീട്ടുകാരോടും വഴക്കുണ്ടാക്കി.
ഇതോടെ വീടുകളിലേക്കു പോകാൻ കഴിയാത്ത സ്ഥിതിയാണു പലർക്കുമുള്ളതെന്നും നാട്ടുകാരും വീട്ടുകാരും ഒരുപോലെ ഭീതിയിലാണെന്നും ജീവനക്കാർ പറഞ്ഞു.
ഏഴു മുതൽ പതിനാലും ദിവസം കഴിഞ്ഞേ കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടമാകൂവെന്നിരിക്കെ ഏഴു ദിവസമെങ്കിലും ആശുപത്രിക്കടുത്ത് ക്വാറന്റൈൻ സൗകര്യം ജീവനക്കാർക്ക് ഒരുക്കണമെന്നാണ് കോവിഡ് വാർഡിൽ ഡ്യൂട്ടിയെടുക്കന്നവർ അപേക്ഷിക്കുന്നത്.
ആശുപത്രി അധികൃതർ ക്വാറന്റൈൻ സംവിധാനമൊരുക്കാതെ ഇറക്കിവിടുന്പോൾ എങ്ങോട്ടുപോകണമെന്നറിയാത്ത അവസ്ഥയാണു തങ്ങൾക്കെന്ന് നഴ്സുമാർ പറയുന്നു. ഡ്യൂട്ടി ചെയ്യാൻ മാത്രമേ ഞങ്ങളെ ആവശ്യമുള്ളു എന്നാണോ..
ഡ്യൂട്ടി കഴിഞ്ഞാൽ ഞങ്ങളെ ആർക്കും വേണ്ടേ…ഞങ്ങളെ സംരക്ഷിക്കേണ്ട കടമ ആശുപത്രി അധികൃതർക്കും സർക്കാരിനുമില്ലേ…അതിഥി തൊഴിലാളികളോടു കാണിക്കുന്ന അനുകന്പയെങ്കിലും ഞങ്ങളോടു കാണിക്കണം – പേരു വെളിപ്പെടുത്താൻ തയ്യാറല്ലാത്ത കോവിഡ് വാർഡിലെ മാലാഖമാരിൽ ഒരാൾ വിഷമത്തോടെ പറഞ്ഞു.
ആശുപത്രിക്കടുത്ത് ക്വാറന്ൈറൻ സെന്ററിൽ കഴിയുന്പോഴും ബുദ്ധിമുട്ടുകൾ ഏറെയാണെങ്കിലും അതെല്ലാം സഹിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ ഉച്ചയ്ക്കു വിതരണം ചെയ്തിരുന്ന ഭക്ഷണപ്പൊതികൾ വാങ്ങി രാത്രിക്ക് കൂടിയുള്ള ഭക്ഷണം ശേഖരിച്ചാണ് ഇവർ ക്വാറന്റൈൻ സെന്ററുകളിൽ കഴിഞ്ഞിരുന്നത്.