സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: കോവിഡ് രോഗികൾക്കും ഇതര രോഗികൾക്കും ജീവൻ രക്ഷിക്കുന്നതിന് പ്രാണവായു ഉറപ്പാക്കുന്ന പുതിയ പദ്ധതിയായ പ്രാണാ എയർ ഫോർ കെയർ ആദ്യമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാക്കുന്നു.
സ്പോണ്സർമാരുടെ സഹായത്തോടെയാണ് ഓക്സിജൻ യൂണിറ്റുകൾ സ്പോണ്സർ ചെയ്തു കൊണ്ട് പുതിയ ജീവൻരക്ഷാ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ മുഖ്യരക്ഷാധികാരിയായ സമിതി തന്നെ ഇതിനായി മെഡിക്കൽ കോളജിൽ രൂപീകരിച്ചു.
ഗുരുതരാവസ്ഥയിലായ രോഗിക്ക് പ്രാണവായു നൽകുന്നതിന് ഓക്സിജൻ സ്പോണ്സർ ചെയ്യുന്നതാണ് പദ്ധതി. മെഡിക്കൽ കോളജ് ആശുപത്രിയിലെ 600 ബെഡുകളിലും ഓരോ ഓക്സിജനും മറ്റനുബന്ധ ഉപകരണങ്ങളും സജ്ജമാക്കുന്ന ഈ പദ്ധതി എല്ലാ രോഗികൾക്കും ഗുണം കിട്ടുന്നതാണ്.
കോവിഡ് അടക്കമുള്ള രോഗങ്ങളുമായുള്ള പോരാട്ടത്തിൽ തൃശൂർ മെഡിക്കൽ കോളജ് കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയിലെ പുതിയതാണ് പ്രാണ എയർ ഫോർ കെയർ.
കോവിഡ് രോഗികളെ പ്ലാസ്മ തെറാപ്പി വഴി രക്ഷപ്പെടുത്തിയും നിരവധി കോവിഡ് രോഗികളുടെ അസുഖം ഭേദമാക്കിയതും കോവിഡ് പടരുന്പോഴും ഇതര രോഗികളുടെ ചികിത്സയ്ക്ക് ഒട്ടും കുറവു വരുത്താതെ അവരെ രക്ഷിച്ചതുമെല്ലാം തൃശൂർ മെഡിക്കൽ കോളജിന് കോവിഡ് കാലത്തും അഭിമാനിക്കാനേറെ വക നൽകി.
ഓക്സിജൻ ഉപയോഗത്തിന്റെ അളവ് മുൻകാലങ്ങളേക്കാൾ കൂടുതലായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വേണ്ടിവന്നതോടെയാണ് പ്രാണ എയർ ഫോർ കെയർ പദ്ധതി ആവിഷ്കരിക്കാൻ കാരണമായത്.
കോവിഡ് രോഗികൾക്ക് ഓക്സിജൻ സംവിധാനം കൂടുതലായി മാറ്റി വെക്കേണ്ട സാഹചര്യമാണ് ഓരോ ദിവസം കഴിയും തോറും കണ്ടുവരുന്നത്. ഇതര രോഗികൾക്കും അപകടങ്ങൾ പറ്റി എത്തുന്നവർക്കും ഓക്സിജൻ അത്യാവശ്യമായതിനാൽ ഓക്സിജന്റെ കുറവ് പരിഹരിക്കുന്നതിന് നടപടികൾ അനിവാര്യമായിരുന്നു.
ഓക്സിജൻ ക്ഷാമം എന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും പൊതുസമൂഹവും കൈകോർത്തേ മതിയാകൂ എന്ന ഘട്ടത്തിലാണ് പ്രാണ എയർ ഫോർ കെയർ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്.
ഇതിലൂടെ കോവിഡ് ചികിത്സ നൽകുന്ന ഒരു രോഗിക്ക് ഓക്സിജൻ നൽകാൻ സമൂഹത്തിലെ ആർക്കും സ്പോണ്സർ ചെയ്യാമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡ്രൂസ് പറഞ്ഞു.
മെഡിക്കൽ കോളജിലെ 600 ബെഡുകളിലേക്ക് കേന്ദ്രീകൃത ഓക്സിജൻ സംവിധാനവും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ഒരു യൂണിറ്റിനെ സ്പോണ്സർ ചെയ്യാൻ 12,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടത്തുന്നത്.
മന്ത്രിമാരായ എ.സി. മൊയതീൻ, സി. രവിന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, ഗവ.ചീഫ് വിപ്പ് കെ. രാജൻ, എംപിമാരായ രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, അനിൽ അക്കര എംഎൽഎ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവരാണ് പദ്ധതിയുടെ മറ്റു രക്ഷാധികാരികൾ.
പദ്ധതി നിർവഹണ ഓഫീസർ പ്രിൻസിപ്പാൾ ഡോ.എം.എ. ആൻഡ്രൂസും, പോജക്ട് നോഡൽ ഓഫീസർ ഡോ. ലിജോ ജെ. കൊള്ളന്നൂരും, മെഡിക്കൽ കോളജ് ലൈസണ് ഓഫീസർ ഡോ.സി. രവീന്ദ്രൻ, സൂപ്രണ്ട് ഡോ.ആർ. ബിജുക്യഷണൻ, സീനിയർ അഡ്മിനിസ്ട്രേറ്ററ്ററായി ബി. ഷാഹിന, അക്കൗണ്ട് ഓഫീസറായി ടി.ടി. ബെന്നി എന്നിവർ അടങ്ങുന്ന സമിതിക്കാണു പദ്ധതിയുടെ നടത്തിപ്പ് ചുമതല.
പ്രാണാ എയർ ഫോർ കെയർ പദ്ധതിയിലേക്ക് പണം നൽകാൻ തയ്യാറുള്ളവർക്ക് ഡിഡി ആയോ ചെക്ക് ആയോ നേരിട്ടോ ബാങ്ക് വഴിയോ നൽകാം. ആരോഗ്യസർവകലാശാല എസ്ബിഐ ബ്രാഞ്ചിൽ പ്രിൻസിപ്പാൾ, ഗവ.മെഡിക്കൽ കോളജ് തൃശൂർ 57024846396 എന്ന അക്കൗണ്ട നന്പറിലേക്കാണ് സഹായങ്ങൾ അയക്കേണ്ടത്.
ഐ.എഫ്.എസ്.സി കോഡ് എസ് ബി ഐ എൻ 0014682 പണവും ചെക്കും അയക്കുന്നവർ കവറിനു പുറത്ത് പ്രാണ എയർ ഫോർ കെയർ എന്ന് രേഖപെടുത്തണമെന്നും അധികൃതർ പറഞ്ഞു.